കോട്ടയം : ലഹരി ഉപയോഗത്തെ തുടർന്നുള്ള അക്രമസംഭവങ്ങൾ ജില്ലയിലേറിയിട്ടും പരിഹാരം കാണാനാകാതെ അധികൃതർ. കഴിഞ്ഞ ദിവസം തൃക്കൊടിത്താനത്ത് എം.ഡി.എംഎ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ യുവാവ് സഹോദരിയെ കൊലപ്പെടുത്താൻ ശ്രമിച്ചു. യുവാവിന്റെ വഴിവിട്ട ജീവിതം ചോദ്യം ചെയ്തതായിരുന്നു അക്രമത്തിന് കാരണം. പുതുപ്പള്ളിയിൽ ബാങ്ക് എ.ടി.എമ്മും, കാറുകളും അടിച്ചുതകർത്തതും ലഹരിയുടെ ഉന്മാദത്തിൽ ഒരു സംഘമായിരുന്നു. ജില്ലയിൽ സമീപകാലത്ത് ലഹരിക്സികേൽ പിടികൂടിയവരിൽ ഭൂരിഭാഗവും 30 വയസിൽ താഴെയുള്ളവരാണ്. ചെറിയ അടിപടി കേസുകളിൽ തുടങ്ങി സ്ഥിരം കുറ്റവാളികളും ഗുണ്ടാ നേതാക്കളുമായി മാറുന്നതാണ് കാഴ്ച. പിടിക്കപ്പെട്ടാലും ജാമ്യത്തിൽ ഇറങ്ങി വീണ്ടും അഴിഞ്ഞാടുകയാണ്. രണ്ടാഴ്ച മുൻപാണ് കാരിത്താസിൽ വച്ച് സിവിൽ പൊലീസ് ഓഫീസറെ ക്രിമിനൽക്കേസ് പ്രതി ചവിട്ടിക്കൊന്നത്. കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് 13 കിലോ കഞ്ചാവാണ് പിടികൂടിയത്.
ആഡംബര ജീവിതം ലക്ഷ്യം
ലഹരി, സ്വർണക്കടത്തിലേയ്ക്ക് ക്വട്ടേഷൻ സംഘങ്ങൾ തിരിഞ്ഞത് ആഡംബരജീവിതം ലക്ഷ്യമിട്ടാണ്. ഒറ്റും ഭാഗ്യക്കേടും മൂലമല്ലാതെ പിടിക്കപ്പെടില്ലെന്നതും ചുളുവിൽ കാശുണ്ടാക്കാമെന്നതുമാണ് പലരെയും ലഹരികടത്തിലേക്ക് തിരിച്ചത്. രണ്ട് വർഷത്തിനുള്ളിൽ വൻ തോതിൽ ലഹരിയുമായി പിടിക്കപ്പെടുന്നവരിലേറെയും ഗുണ്ടകളോ അവരോട് അടുപ്പം പുലർത്തുന്നവരോ ആണ്. ആന്ധ്ര, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് നിസാര വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് മറിച്ചു വിൽക്കുമ്പോൾ ലക്ഷങ്ങളാണ് പോക്കറ്റിലെത്തുക. പുറമേ നല്ല പിള്ള ചമയുകയും ലഹരി കടത്തിൽ കൂടുതൽ ആക്ടീവാകുകയും ചെയ്യുകയാണ് പലരും.
പായിപ്പാട് കഞ്ചാവ് മാഫിയയുടെ വിളയാട്ടം
കഞ്ചാവ് മാഫിയയുടെ വിളയാട്ടത്തിൽ പൊറുതിമുട്ടി പായിപ്പാട് നിവാസികൾ. ഇരുട്ട് വീണാൽ പ്രദേശവാസികൾ അല്ലാത്ത ചെറുപ്പക്കാർ ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായെത്തുന്നത് പതിവാണ്. ലഹരി ഉത്പന്നങ്ങളുടെ വില്പനയും ഉപയോഗവും തകൃതിയാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ ഇടറോഡുകളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്.ചേദ്യം ചെയ്താൽ അസഭ്യവും, കൈയേറ്റവും. പരാതി കൊടുക്കാൻ ജനങ്ങൾക്ക് ഭയമാണ്.
രാത്രി ഏഴ് കഴിഞ്ഞാൽ സ്ത്രീകളും, കുട്ടികളും റോഡിലൂടെ ഭയന്നാണ് യാത്രചെയ്യുന്നത്. പൊലീസ് അടിയന്തരമായി പ്രദേശത്ത് നൈറ്റ് പട്രോളിംഗ് ഏർപ്പെടുത്തണം. സാമൂഹ്യവിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണം.
നാട്ടുകാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |