ന്യൂഡൽഹി: അന്താരാഷ്ട്ര ബന്ധങ്ങളുള്ള മതപരിവർത്തന റാക്കറ്റിനെ പിടികൂടിയതായി ആഗ്ര പൊലീസ്. ഇവരുടെ വലയിലായ നിരവധി പെൺകുട്ടികൾ പാകിസ്ഥാനിലുള്ളവരുമായി ആശയവിനിമയം നടത്തുന്നതായി കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് 14 പേരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. സമൂഹമാദ്ധ്യമങ്ങൾ, ലൂഡോസ്റ്റാർ പോലുള്ള ഓൺലൈൻ ഗെയിമിംഗ് പ്ളാറ്റ്‌ഫോമുകൾ തുടങ്ങിയവയാണ് പെൺകുട്ടികളെ കുടുക്കാൻ സംഘം ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു.
ക്രൗഡ് ഫണ്ടിംഗിലൂടെയും ക്രിപ്റ്റോകറൻസിയിലൂടെയും പണമിടപാടുകൾ നടന്നു. ഇതിലൂടെ ഗാസയിലേയ്ക്കും തിരിച്ചും പണമിടപാടുകൾ നടന്നതായും പൊലീസ് കണ്ടെത്തി. റഹ്മാൻ ഖുറേഷി എന്നയാളാണ് പണമിടപാടുകൾ നിയന്ത്രിച്ചിരുന്നത്. പാക് സ്വദേശികളായ തൻവീർ അഹമ്മദ്, സാഹിൽ അദീബ് എന്നിവരാണ് സംഘത്തലവന്മാർ. ഇവർ പാകിസ്ഥാനിൽ നിന്നുള്ള നിരവധി വാട്‌സാപ്പ്, ഓൺലൈൻ ഗ്രൂപ്പുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇതിൽ മതപരമായ കാര്യങ്ങളാണ് ചർച്ച ചെയ്തിരുന്നത്.
ഹൈന്ദവ മതത്തിൽ നിന്ന് ഇസ്ളാമിലേയ്ക്ക് മതപരിവർത്തനം നടത്തിയ പെൺകുട്ടികൾക്ക് പാകിസ്ഥാനിലെ യുവാക്കളുമായി ബന്ധമുള്ളതായി കണ്ടെത്തി. പെൺകുട്ടികൾക്ക് മതപരമായ മാർഗനിർദേശങ്ങൾ നൽകിയത് ഈ യുവാക്കളാണ്. ചില കാശ്‌മീരി പെൺകുട്ടികൾക്കും ഇതിൽ പങ്കുള്ളതായി പൊലീസ് വ്യക്തമാക്കി.
''ദവാഹ്' എന്ന പേരിലാണ് റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. 2050ഓടെ ഇന്ത്യയെ മുസ്ളീം രാഷ്ട്രമാക്കി മാറ്റുകയാണ് ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. കുടുംബ പ്രശ്നങ്ങളും മാനസിക സംഘർഷങ്ങളും അനുഭവിക്കുന്ന പെൺകുട്ടികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. ഓൺലൈൻ ഗെയിമുകളിലൂടെ ഹിന്ദു പെൺകുട്ടികളുമായി ഇവർ അടുപ്പത്തിലാകുന്നത്. സിഗ്നൽ, ഡാർക്ക് വെബ് എന്നിവയിലൂടെയാണ് ആശയവിനിമയം നടത്തിയിരുന്നത്. ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ, കോടതികൾ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ ഇരകളെ കണ്ടെത്തുന്നത്. മതപരിവർത്തനം നടത്തിയവരെ 'റിവർട്ട്' എന്നാണ് സംഘം വിശേഷിപ്പിക്കുന്നത്.
ഡൽഹിയിൽ നിന്നുള്ള അബ്ദുൾ റഹ്മാനും ഗോവയിൽ നിന്നുള്ള ആയിഷയുമാണ് സംഘത്തിന്റെ നേതാക്കളെന്ന് പൊലീസ് പറഞ്ഞു. 1990ൽ മതം മാറിയ അബ്ദുൾ റഹ്മാന് ജയിലിൽ ഭീകരവാദിയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുണ്ട്. അറസ്റ്റിലായ എല്ലാ വ്യക്തികൾക്കും റഹ്മാനുമായും ആയിഷയുമായും ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |