കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി. പരോൾ വ്യവസ്ഥ ലംഘിച്ചതിനാണ് നടപടി. പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ സുനി പാലിച്ചില്ലെന്ന മീനങ്ങാടി സ്റ്റേഷൻ സി ഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയെ വീണ്ടും കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചു. ജൂലായ് ഇരുപത്തിയൊന്നിനാണ് സുനിക്ക് 15 ദിവസത്തെ പരോൾ അനുവദിച്ചത്.
അതേസമയം, കൊടി സുനിക്ക് മദ്യം കഴിക്കാൻ അവസരമൊരുക്കിയ സംഭവത്തിൽ ഇന്നലെ മൂന്നു സിവിൽ പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. കഴിഞ്ഞ മാസം 17ന് നടന്ന സംഭവത്തിലാണ് കഴിഞ്ഞ ദിവസം നടപടിയെടുത്തിരിക്കുന്നത്.
തലശേരി കോടതിയിൽ നിന്ന് വരുന്ന വഴിക്കാണ് കൊടി സുനിയും മറ്റ് പ്രതികളും മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ വച്ച് മദ്യം കഴിക്കാൻ അവസരമൊരുക്കുകയായിരുന്നു. സംഭവം പുറത്തു വന്നതോടെയാണ് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്.
ടിപി വധക്കേസിലെ മുഖ്യപ്രതിയാണ് കൊടി സുനി. നേരത്തെ കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചെന്ന വിവരവും പുറത്തുവന്നിരുന്നു. ജയിലിൽ കഴിയുന്നതിനിടെ തട്ടിക്കൊണ്ടുപോകൽ, കവർച്ച എന്നിവ ആസൂത്രണം ചെയ്തതിനും ജയിൽ ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിലുമൊക്കെ പ്രതിയാണ് കൊടി സുനി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |