അരൂർ: മുൻവൈരാഗ്യത്തെ തുടർന്ന് വീട്ടിൽ കയറി അമ്മയെയും മകനെയും വെട്ടി പരിക്കേൽപ്പിച്ച കേസിൽ 4 യുവാക്കളെ പൊലീസ് പിടികൂടി. അരൂർ കറുകപ്പള്ളി റോബിൻ ജെയിംസ്(18) , കാവലിങ്കൽ വിവേക്(26) , പോളാട്ട് നികർത്തിൽ ആഷിക് മധു (22), കുമരകം പഞ്ചായത്ത് 13-ാം വാർഡ് വെണ്ണലശ്ശേരി കളത്തിൽ ജീവൻ (23)എന്നിവരെയാണ് അരൂർ എസ്.ഐ എസ്.ഗീതുമോളിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. അരൂർ പഞ്ചായത്ത് 21-ാം വാർഡ് കിഴക്കേ വേലിക്കകത്ത് വീട്ടിൽ രവീന്ദ്രന്റെ ഭാര്യ രമണി(62) മകൻ രാകേഷ് (34)എന്നിവരെയാണ് ആറംഗ സംഘം വീട്ടിൽ കയറി വെട്ടിയത്. ഇരുവരും എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കഴിഞ്ഞമാസം 20 ന് റോബിൻ ജെയിംസിനെ രാകേഷും കൂട്ടുകാരും ചേർന്ന് അരൂർ ശ്മശാനം റോഡിൽ വച്ച് മർദ്ദിച്ചിരുന്നു. ഇതിൽ അരൂർ പൊലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നതിനിടെയാണ് റോബിനും കൂട്ടുകാരും ചേർന്ന് വീടുകയറി ആക്രമിച്ചത്. കേസിലുൾപ്പെട്ട 2 പേർ ഒളിവാണ്. പ്രതികളെ ഇന്ന് ചേർത്തല കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |