ആഗ്ര: ഭാര്യയുടെ പീഡനം സഹിക്കാനാവാതെ മറ്റൊരു യുവ ടെക്കികൂടി ജീവനൊടുക്കി. മുംബയിൽ സോഫ്ട്‌വെയർ കമ്പനിയായ ടിസിഎസിൽ ജോലിചെയ്തിരുന്ന ഇരുപത്തഞ്ചുകാരനായ മാനവ് ശർമയാണ് ജീവനൊടുക്കിയത്. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളും ആത്മഹത്യയ്ക്കുള്ള കാരണവും വ്യക്തമാക്കുന്ന ഏഴുമിനിട്ടോളം ദൈർഘ്യമുള്ള വീഡിയോ പോസ്റ്റുചെയ്തശേഷം തൂങ്ങിമരിക്കുകയായിരുന്നു. അടുത്തിടെയാണ് ഭാര്യയുടെ പീഡനങ്ങളിൽ മനംമടുത്ത് ബംഗളൂരുവിലെ സോഫ്ട്‌വെയർ എൻജിനീയറായ അതുൽ സുഭാഷ് ജീവനൊടുക്കിയത്.
മാനവ് പോസ്റ്റുചെയ്ത വീഡിയോയിൽ മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നുണ്ട്. ഒപ്പം പുരുഷന്മാരുടെ പോരാട്ടങ്ങളെക്കുറിച്ച് അവബോധമുണ്ടാവണമെന്നും അപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. 'ദയവായി ആരെങ്കിലും പുരുഷന്മാരെക്കുറിച്ച് സംസാരിക്കണം. അവർ വളരെ ഏകാന്തത അനുഭവിക്കുന്നുണ്ട്' എന്നാണ് മാനവ് വീഡിയോ സന്ദേശത്തിൽ പറയുന്നത്.
ഡിഫൻസ് കോളനിയിലെ താമസക്കാരനായ മാനവ് കുറച്ചുനാളുകളായി മുംബയിലാണ് ജോലിനോക്കുന്നത്. ഭാര്യ നികിതയും ഇയാൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞവർഷം ജനുവരിയിലായിരുന്നു വിവാഹം. കുറച്ചുനാൾ പ്രശ്നമില്ലാതെ പോയെങ്കിലും തുടർന്ന് പ്രശ്നങ്ങൾ തുടങ്ങി. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു ഭാര്യ പ്രശ്നമുണ്ടാക്കിയിരുന്നതെന്നാണ് മാനവിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. കാമുകനൊപ്പം ജീവിക്കാനായി ഇല്ലാത്ത പ്രശ്നങ്ങൾ കുത്തിപ്പൊക്കി മാനവിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ഇക്കഴിഞ്ഞ 23ന് മാനവും ഭാര്യയും മുംബയിൽ നിന്ന് മടങ്ങിയെത്തി. നികിത ആവശ്യപ്പെട്ടതുപ്രകാരം അവളെ വീട്ടിൽകൊണ്ടുവിട്ടു. ഈ സമയം നികിതയുടെ ബന്ധുക്കൾ മാനവിനെ ഭീഷണിപ്പെടുത്തിയിരുന്നു. പിറ്റേന്നാണ് മാനവ് ജീവനൊടുക്കിയത്. കഴിഞ്ഞദിവസം വീട്ടുകാരുടെ പരാതിയെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
അതേസമയം, തനിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും നികിത നിഷേധിച്ചു. മാനവ് മദ്യത്തിന് അടിമയായിരുന്നുവെന്നും നേരത്തേയും പലതവണ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും നികിത പറഞ്ഞു.അപ്പോഴൊക്കെ താനാണ് രക്ഷിച്ചതെന്നും പലപ്പോഴും തന്നെ ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇക്കാര്യങ്ങളെല്ലാം ഭർത്താവിന്റെ അമ്മയെ അറിയിച്ചപ്പോൾ ഇതെല്ലാം ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള പ്രശ്നമാണെന്നും തനിക്ക് ഇതിൽ ഇടപെടാൻ കഴിയില്ലെന്നായിരുന്നു മറുപടിയെന്നും നികിത പറയുന്നു. ഭർത്താവിന്റെ സഹോദരിയെയും പ്രശ്നങ്ങൾ അറിയിച്ചെന്നും അവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |