പൂനെ: പൂനെയിലെ സ്വർഗേറ്റ് ബസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ 26കാരിയെ ബലാത്സംഗം ചെയ്‌ത സംഭവത്തിൽ പ്രതി ദത്താത്രേയ രാംദാസ് ഗഡി അറസ്റ്റിൽ. 75 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് പൂനെ ജില്ലയിലെ ഷിരൂരിൽ നിന്ന് ഇയാൾ പിടിയിലായത്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഗഡി ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്ന വിവരം കഴിഞ്ഞ ദിവസംതന്നെ പുറത്തുവന്നിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രതിയെ പിടികൂടാത്തതിൽ മഹാരാഷ്‌ട്ര സർക്കാരിനെതിരെ ജനരോഷം ഉയർന്നിരുന്നു.
ചൊവ്വാഴ്‌ച പുലർച്ചെ ആറ് മണിയോടെയാണ് പൂനെയിലെ സ്വർഗേറ്റ് ബസ് സ്റ്റാന്റിൽ വച്ച് അതിക്രമം നടന്നത്. പൊലീസ് സ്റ്റേഷനിൽ നിന്നും വെറും 100 മീറ്റർ മാത്രം അകലെയാണ് ബസ് സ്റ്റാന്റ്. സ്വന്തം ഗ്രാമമായ സത്താറ ജില്ലയിലെ ഫാൽടണിലേക്ക് പോകാനായാണ് 26കാരിയായ യുവതി ബസ് സ്റ്റാന്റിലെത്തിയത്. ദീദീ എന്ന് വിളിച്ച് യുവതിയോട് സംസാരിച്ച പ്രതി അവിടെ നിർത്തിയിട്ടിരുന്ന ബസ് സർവീസ് ഉടൻ പുറപ്പെടുമെന്ന് തെറ്റിദ്ധരിപ്പിച്ച് അതിൽ കയറാൻ ആവശ്യപ്പെട്ടു. ബസിനുള്ളില്‍ വെളിച്ചം ഇല്ലാത്തതിനാല്‍ അതില്‍ കയറാന്‍ മടിച്ച യുവതിയെ ബസ് സത്താറയിലേക്ക് പോകുന്നത് തന്നെയാണെന്ന് വിശ്വസിപ്പിച്ചു. യാത്രക്കാര്‍ ഉറങ്ങുന്നതിനാല്‍ ലൈറ്റുകള്‍ ഓഫ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞു. യുവതി ബസില്‍ കയറിയതോടെ പിന്നാലെ എത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
യുവതി മറ്റൊരു ബസിൽ കയറി യാത്ര ചെയ്യുന്നതിനിടെയാണ് സുഹൃത്തിനോട് പീഡന വിവരം വെളിപ്പെടുത്തിയത്. സുഹൃത്തിന്റെ നിർദേശപ്രകാരം യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |