ബംഗളൂരു: ഭർത്താവിന്റെ മാതാപിതാക്കളെ മർദിക്കുന്ന ഡോക്ടറുടെയും മക്കളുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. അന്നപൂർണേശ്വരി നഗറിലെ ഡോക്ടർ പ്രിയദർശനിയും മക്കളുമാണ് വയോധികരെ മർദിച്ചത്. വീഡിയോ വൈറലായതോടെ ഇവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് നിരവധി പേരാണ് ആവശ്യപ്പെട്ടത്.
ഭർതൃപിതാവിന്റെ പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രിയദർശിനിയുടെ ഭർത്താവ് നവീൻ കുമാറും ഡോക്ടറാണ്. 2007ലായിരുന്നു ഇരുവരുടെയും വിവാഹം. ഇവർ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു.
മാർച്ച് പത്തിന് യുവതിയും മകളും മകനും കൂടി ഭർതൃവീട്ടിലേക്ക് വന്നു. യുവതി നവീനെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. തുടർന്ന് വയോധികരെ കൈയേറ്റം ചെയ്തു. തലയിലും പിറകിലും അടിക്കുകയും ചെയ്തു.
പത്ത് വർഷത്തിലധികമായി പ്രിയദർശിനി വയോധികരെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. യുവതിയുടെ ശല്യം സഹിക്കവയ്യാതെ ഇവർ വാടകവീട്ടിലേക്ക് മാറി. അവിടേക്ക് പോകരുതെന്ന് കോടതി നിർദേശിച്ചെങ്കിലും യുവതി അത് പാലിച്ചില്ലെന്നും വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 115, 126,351, 352 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ജാമ്യം കിട്ടുന്ന വകുപ്പുകളാണിവയെന്നാണ് സൂചന.
വർഷങ്ങളായി ഇവരുടെ കുടുംബത്തിൽ വഴക്ക് നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. മക്കൾക്ക് ചെലവ് തരാത്തത് ചോദ്യം ചെയ്യാനാണ് ഭർത്താവിന്റെ വീട്ടിലെത്തിയതെന്നാണ് പ്രിയദർശിനി പറയുന്നത്. നവീനിന്റെ മാതാപിതാക്കൾ തന്നെ പ്രകോപിപ്പിക്കുകയായിരുന്നു. ഇതോടെ ക്ഷമ നഷ്ടമായി. അവർ തന്നെയാണ് വീഡിയോ റെക്കോർഡ് ചെയ്തതെന്നും യുവതി പൊലീസിനോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |