
കൊച്ചി: പെണ്‍സുഹൃത്തുമായുളള വിവാഹം എതിര്‍ത്തതിന് പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അഭിജിത്ത് പ്രസാദ് (33) സ്വന്തം അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ മാസം 21ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. അഭിജിത്തിന്റെ മര്‍ദ്ദനത്തില്‍ അമ്മയ്ക്കും അച്ഛനും പരിക്കേറ്റിരുന്നു. ഇവർ നൽകിയ പരാതിയില്‍ അഭിജിത്തിനെതിരെ നോര്‍ത്ത് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് അഭിജിത്ത് പിതാവ് ശിവപ്രസാദിന്റെ സഹോദരൻ അയ്യപ്പൻകാവ് സ്വദേശി സത്യപാലനെ (61) കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അയ്യപ്പൻകാവ് -ചിറ്റൂർ റോഡിൽ ആക്സിസ് ബാങ്ക് ശാഖയ്ക്ക് സമീപമായിരുന്നു സംഭവം. അയ്യപ്പൻകാവ് ജംഗ്ഷനടുത്ത് സത്യപാലൻ സൂപ്പർമാർക്കറ്റ് നടത്തുന്നുണ്ട്. ഇവിടെ രാവിലെ പാൽവണ്ടി എത്തിയശേഷം ചായകുടിക്കാൻ സെമിത്തേരി മുക്കിലേക്ക് സത്യപാലൻ സ്കൂട്ടറിൽ പോകുന്ന തക്കംനോക്കിയാണ് പ്രതി മാരുതിക്കാറിൽ പിന്തുടർന്നത്. അമിതവേഗത്തിൽ വന്ന കാർ സ്കൂട്ടറിൽ ഇടിച്ചു. ഇതിന്റെ ആഘാതത്തിൽ സത്യപാലൻ കാറിന്റെ ബോണറ്റിലേക്ക് തെറിച്ചുവീണ് ചില്ലുകൾ തകർന്നു. വാഹനാപകടമാണെന്ന് വരുത്താൻ ഇതേകാറിൽ അഭിജിത്ത് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചതും.
പിന്നീട് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സൂപ്പർമാർക്കറ്റിന് കുറച്ചകലെ പ്രതി ഒളിച്ചുനിൽക്കുന്നതും സത്യപാലൻ സ്കൂട്ടറിൽ കടന്നുപോകുമ്പോൾ കാറിൽ പിന്തുടരുന്നതും കണ്ടെത്തി. തുടർന്ന് ഇയാളെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റുചെയ്തത്.
എറണാകുളം പച്ചാളത്ത് സ്വന്തമായി ട്രാവലിംഗ് ഏജൻസി നടത്തുന്ന പ്രതി വിവാഹമോചിതയായ യുവതിയുമായി അടുപ്പത്തിലാണ്. രക്ഷിതാക്കളും മറ്റ് ബന്ധുക്കളും അന്യമതത്തിൽപ്പെട്ട യുവതിയുമായുള്ള വിവാഹത്തെ എതിർത്തു. സത്യപാലന്റെ പ്രേരണ മൂലമാണ് വിവാഹം നടക്കാത്തതെന്ന് കരുതിയാണ് കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിരുന്നു. കാറും സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെയാണ് മർദന ദൃശ്യങ്ങൾ പുറത്തുവന്നത്. ഗുരുതര പരിക്കേറ്റ സത്യപാലൻ സ്വകാര്യആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |