
കൊല്ലം: സോഷ്യൽ മീഡിയ വ്യാജ അക്കൗണ്ടുകൾ വഴി പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച് സ്വർണവും പണവും തട്ടാൻ ശ്രമിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. അടൂർ കെഐപി മൂന്നാം ബറ്റാലിയനിലെ സിപിഒ ശൂരനാട് സ്വദേശി അവിനാഷ് സുരേന്ദ്രനെയാണ് ശൂരനാട് പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്‌തത്.
പ്രതിക്ക് കുട്ടിയുടെ കുടുംബവുമായി നേരത്തേ പരിചയമുണ്ടായിരുന്നു. ആറ് വർഷം മുമ്പുള്ള പെൺകുട്ടി പ്രായപൂർത്തിയാകാത്ത സമയത്തുള്ള ചിത്രങ്ങൾ കുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് അവിനാഷ് ഷെയർ ചെയ്‌തിരുന്നു. ഈ ചിത്രങ്ങൾ മോശകരമായി മോർഫ് ചെയ്‌ത്, വ്യാജ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുകയും അമ്മയുടെ വാട്‌സാപ്പിലേക്ക് അയച്ചുകൊടുക്കുകയും ചെയ്‌തു.
ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് മറ്റാരോ ആണെന്നും കൂടുതൽ ചിത്രങ്ങൾ വരാതിരിക്കാൻ അവർക്ക് സ്വർണാഭരണവും പണവും നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. 15 പവൻ ലഭിച്ചില്ലെങ്കിൽ കൂടുതൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ശൂരനാട് പൊലീസിൽ പരാതി നൽകി.
റൂറൽ എസ്‌പിയുടെ നിർദേശത്തെത്തുടർന്ന് ശാസ്‌താംകോട്ട ഡിവൈഎസ്‌പി പ്രസാദിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പൊലീസ് സംഘം ശേഖരിച്ച സൈബർ തെളിവുകളാണ് പ്രതി അവിനാഷ് ആണെന്ന് കണ്ടെത്താൻ സഹായകമായത്.
എസ്‌എച്ച്‌ഒ എസ് ശ്രീകുമാർ, എസ്‌ഐ പ്രശാന്ത്, സിപിഒ അനസ് എന്നിവരുടെ നേതൃത്വത്തിലാണ് അവിനാഷ് സുരേന്ദ്രനെ അറസ്റ്റ് ചെയ്‌തത്. സ്ഥിരമായി ജോലിക്കെത്താത്തതിനും കൃത്യവിലോപത്തിനും ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികൾ പൂർത്തിയായതായും വിവരമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |