
കൊച്ചി: മലയാറ്റൂരിൽ ബിരുദവിദ്യാർത്ഥിനിയായ ചിത്രപ്രിയയുടെ കൊലപാതകത്തിൽ സുഹൃത്ത് അലൻ അറസ്റ്റിൽ. പെൺകുട്ടിയുമായി വഴക്കുണ്ടായതിനെത്തുടർന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് കുറ്റസമ്മതം നടത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്.
അലനൊപ്പം ചിത്രപ്രിയ ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഞായറാഴ്‌ച പുലർച്ചെ 1.53നുള്ള ദൃശ്യങ്ങളാണ് ഇവ. അലന്റെ പിന്നിലിരുന്നാണ് പെൺകുട്ടി സഞ്ചരിച്ചത്. ഇവർക്കൊപ്പം മറ്റൊരു ബൈക്കിൽ രണ്ടുപേരും ഉണ്ടായിരുന്നു. പെൺകുട്ടിയെ കാണാതായെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അലനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പെൺകുട്ടിയെ പ്രദേശത്ത് ബൈക്കിൽ കൊണ്ടുവിട്ടതാണെന്നാണ് തുടക്കത്തിൽ ഇയാൾ പറഞ്ഞത്. തുടർന്ന് പൊലീസ് വിട്ടയയ്ക്കുകയും ചെയ്തു. പിന്നീട് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയതോടെ അലനെ വീണ്ടും വിളിപ്പിക്കുകയായിരുന്നു. എന്നാൽ ചോദ്യങ്ങൾക്ക് വ്യക്തമായി ഉത്തരം നൽകിയില്ല. കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കൊലനടത്തിയതായി കുറ്റസമ്മതം നടത്തിയത്.
മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ (19). ബംഗളൂരുവിൽ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്നു. സമീപത്തെ കടയിൽ പോകുന്നുവെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയത്. ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ കാലടി പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ച മുതലാണ് പെൺകുട്ടിയെ കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ മലയാറ്റൂർ മണപ്പാട്ട് ചിറയ്‌ക്കടുത്ത് സെബിയൂർ റോഡിനടുത്തെ റബർതോട്ടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. പറമ്പിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |