SignIn
Kerala Kaumudi Online
Tuesday, 03 March 2026 2.06 AM IST

72ൽപ്പരം കവർച്ചാ കേസുകളിലെ പ്രതിയായ ‘ഷട്ടർ’ ജലീലും കൂട്ടാളിയും പിടിയിൽ

Increase Font Size Decrease Font Size Print Page
1

കാസർകോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 72ൽപ്പരം കവർച്ചാ കേസുകളിൽ പ്രതിയായ കവർച്ചക്കാരനും കൂട്ടാളിയും പിടിയിലായി. പാലക്കാട് ജില്ലയിലെ കൊളക്കപ്പറമ്പിൽ ജലീൽ എന്ന ‘ഷട്ടർ’ ജലീൽ (36), കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ലത്തീഫ് (46) എന്നിവരെയാണ് ബേക്കൽ ഡിവൈ.എസ്.പി എം.പി. ആസാദ് നയിച്ച പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ബി.വി. വിജയഭരത് റെഡ്ഡിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

ഫെബ്രുവരി 14ന് രാത്രി കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ കളത്തൂർ പഞ്ചിക്കല്ലിൽ യൂസഫിന്റെ വീട്ടിൽ നടന്ന കവർച്ചക്കേസിലാണ് ഇരുവരുടെയും പങ്ക് സ്ഥിരീകരിച്ചത്. ഫെബ്രുവരി 14ന് സന്ധ്യ മുതൽ 15ന് രാവിലെ ഏഴുമണിവരെയുള്ള സമയങ്ങളിലാണ് കവർച്ച നടന്നത്. ഇരുനില വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തു കയറി അലമാരകൾ കുത്തിത്തുറന്ന് ഒൻപത് പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും കവർന്നതായാണ് കേസ്. സംഭവം നടന്ന സമയത്ത് ഭാര്യയും മക്കളും ബന്ധുവീടുകളിലായിരുന്നു. ഇതിന് മുമ്പ് ഫെബ്രുവരി 7ന് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരിയ നാലക്രയിൽ ഇ.വി. ഗോപാലകൃഷ്ണന്റെ വീട്ടിൽ നിന്ന് ആറേകാൽ പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും കവർന്നിരുന്നു. ഇവിടെത്തെയും വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് കവർച്ച നടന്നത്.

ഇരു കവർച്ചകളിലെയും സമാനതകൾ അന്വേഷണ സംഘം ഗൗരവത്തോടെ വിലയിരുത്തിയതോടെയാണ് പ്രതികളിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. അടുത്തിടെ ബേക്കൽ ഡിവൈ.എസ്.പി ആയി ചാർജെടുത്ത എം.പി. ആസാദിന്റെ നേതൃത്വത്തിൽ ബേക്കൽ എസ്.ഐ അഖിൽ എ.എസ്.ഐ പ്രസാദ് പുല്ലൂർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷൈജു, ഹാരിസ് ആരിക്കാടി, സുനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് കവർച്ചക്കാരെ വലയിലാക്കിയത്.

കവർച്ച ചെയ്ത സ്വർണ്ണവും മറ്റു വസ്തുക്കളും വിൽപ്പനയ്ക്ക് സഹായം ചെയ്തതിനാണ് അബ്ദുൽ ലത്തീഫിനെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ സംഘം പറഞ്ഞു. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇരിയ മുട്ടിച്ചരലിൽ ജയരാജിന്റെ വീട്ടിൽ നിന്ന് ലാപ്ടോപ്പ് കവർന്നതും ‘ഷട്ടർ’ ജലീലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൂടുതൽ കേസുകളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കാസർകോട് കേന്ദ്രീകരിച്ച് കവർച്ചാ പദ്ധതി

ജലീൽ കാസർകോട്ടെ ഒരു വാടക കെട്ടിടത്തിൽ താമസിച്ചാണ് കവർച്ചകൾ ആസൂത്രണം ചെയ്തിരുന്നത്. കർണാടകയിലെ ഒരു കോഴിഫാമിൽ പകൽ സമയങ്ങളിൽ ജോലി ചെയ്തുവരികയായിരുന്നു. ഇടവേളകളിലാണ് കവർച്ചയ്ക്ക് അനുയോജ്യമായ വീടുകൾ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഷട്ടർ തുറന്ന് കവർച്ച നടത്തുന്നതിൽ വിദഗ്ദ്ധനായതിനാലാണ് ജലീലിന് ‘ഷട്ടർ ജലീൽ’ എന്ന പേര് ലഭിച്ചത്. ജയിലിൽ കഴിഞ്ഞ സമയത്ത് പരിചയപ്പെട്ട സഹതടവുകാരുടെ നാടുകളിലെത്തിയാണ് പലപ്പോഴും കവർച്ചകൾ നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.