കൊല്ലം: പുനലൂരിൽ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിനുശേഷം പ്രതി ഐസക് കൊലപാതക വിവരം ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയായിരുന്നു. ഒളിവിൽപോയ പ്രതി പുനലൂർ സ്റ്റേഷനിലെത്തി കീഴടങ്ങിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. കുടുംബപ്രശ്നങ്ങൾ കാരണമായിരുന്നു കൊലപാതകമെന്നാണ് പൊലീസ് നൽകുന്ന വിവരം.
കുടുംബപ്രശ്നങ്ങൾ കാരണം പ്രതിയും ഭാര്യയും രണ്ട് വീടുകളിലായിരുന്നു താമസം. ശാലിനിയും മക്കളും അമ്മയോടൊപ്പം താമസിച്ചുവരികയായിരുന്നു. ശാലിനി ഒരു സ്കൂളിലെ ആയയാണ്. ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടയിലാണ് പ്രതി വെട്ടിക്കൊന്നത്. സംഭവസമയത്ത് ഇവരുടെ ഒരു മകൻ വീട്ടിലുണ്ടായിരുന്നു. മകന്റെ അലർച്ച കേട്ടാണ് അയൽവാസികൾ വീട്ടിലേക്ക് ഓടിക്കൂടിയത്. ഇതോടെ ഐസക് രക്ഷപ്പെടുകയായിരുന്നു.
ഐസക് പങ്കുവച്ച വീഡിയോയിൽ പറയുന്നത്
'ഞാൻ ഭാര്യയെ കൊന്നുകളഞ്ഞു, ഞാനറിയാതെ ശാലിനി സ്വർണങ്ങൾ പണയം വച്ചു, ഞാൻ കൊടുത്ത മോതിരവും പണയം വച്ചു. പറഞ്ഞത് അനുസരിച്ചില്ല. എനിക്ക് രണ്ടു മക്കളാണ്. അവർക്കൊന്നും വിഷമമുണ്ടാകില്ല. ഭാര്യയ്ക്ക് ആഡംബര ജീവിതം നയിക്കണം. ഉണ്ടാക്കിയ മുതലുകളെല്ലാം നശിപ്പിച്ചു. അവൾ അമ്മയോടൊപ്പം താമസിക്കുകയാണ്. കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട്ടിലാണ് ഞാൻ താമസിക്കുന്നത്. ഭാര്യ ആ വീടും ആവശ്യപ്പെട്ടു. ഏതോ ജോലിക്കാണ് ഇപ്പോൾ പോകുന്നത്. എന്റെ ഭാര്യയ്ക്ക് ജോലിക്ക് പോകേണ്ട ആവശ്യമില്ല. പാർട്ടിയിലും പ്രവർത്തിക്കുന്നുണ്ട്. അതും എനിക്ക് ഇഷ്ടമില്ല. പാർട്ടിയിലുളളവർ അവർക്ക് പിന്തുണ കൊടുത്തിരുന്നു. 86,000 രൂപയ്ക്കാണ് പണയം വച്ചത്. അത് എന്ത് ചെയ്‌തെന്ന് അറിയില്ല. വീണ്ടും 20,000 രൂപയ്ക്ക് പണയം വച്ചു'- ഐസക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |