തിരുവനന്തപുരം: ആർ.എസ്.എസ് ക്യാമ്പിൽ നിരന്തരം ലൈംഗികാതിക്രമത്തിനിരയായെന്ന് വ്യക്തമാക്കി കോട്ടയം സ്വദേശി അനന്തു അജി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ചിത്രീകരിച്ച വീഡിയോ പുറത്തുവന്നു. ജീവനൊടുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മരണമൊഴി എന്ന പേരിൽ അനന്തു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശമാണ് ബുധനാഴ്ച പുറത്തുവന്നത്.
ഗുരുതരമായ ആരോപണങ്ങളാണ് വീഡിയോയിൽ ഉള്ളത്. മൂന്നുവയസു മുതൽ വീടിനടുത്തുള്ള ഒരാൾ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ലൈംഗികമായി ചൂഷണം ചെയ്ത ആൾ ഇപ്പോൾ നല്ല നിലയിൽ ജീവിക്കുന്നുവെന്നും വീഡിയോയിൽ പറയുന്നു. നിധീഷ് മുരളി എന്ന കണ്ണൻ ചേട്ടനാണ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതെന്ന് അനന്തു അജി വ്യക്തമാക്കി.
'എനിക്ക് പലസ്ഥലത്തുനിന്നും ഉപദ്രവം നേരിടേണ്ടിവന്നു. എല്ലാം പുരുഷന്മാരായിരുന്നു. നിങ്ങൾ വീഡിയോ കാണുന്നുണ്ടെങ്കിൽ നിങ്ങൾ ഒരിക്കലും ഇടപഴകാൻ പാടില്ലാത്ത ആൾക്കാരുണ്ട്, അവരാണ് ആർഎസ്എസുകാർ. അവരുടെ ക്യാമ്പുകളിലും പരിപാടികളിലും നടക്കുന്ന അതിക്രമം ഭയങ്കമോശമാണ്. ഭയങ്കര ഉപദ്രവാണ്. ഞാൻ അവരുടെ ക്യാമ്പിന് പോയിട്ടുണ്ട്. എനിക്കറിയാം. ഞാൻ അനുഭവിച്ചിട്ടുണ്ട്. മാനസികമായും ശാരീരികമായും അവർ കുട്ടികളെ ഉപദ്രവിക്കുന്നു. ചോദിച്ചാൽ അറിയാം. ആരും തുറന്നുപറയാത്തതാണ്. അവർ ലൈംഗികമായി കുട്ടികളെ ഉപദ്രവിക്കുന്നു. ശാരീരികമായി ഉപദ്രവിക്കും. പലതും ചെയ്തിട്ടുണ്ട്. എനിക്ക് അനുഭവമുണ്ട്. പക്ഷേ എന്റെ കൈയിൽ തെളിവ് ചോദിച്ചാൽ എന്റെ കൈയിൽ ഇല്ല. എങ്ങനെ തെളിവ് കിട്ടും. അതും ഇത്രവർഷം കഴിഞ്ഞ് എവിടെ തെളിവ്.
ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസുകാരനുമായി ഇടപഴകരുത്. എനിക്ക് മാത്രമല്ല പലർക്കും നേരിട്ടുണ്ട്. എന്നെ ഉപദ്രവിച്ചയാളുടെ പേര് ഞാൻ പറയാം. നിധീഷ് മുരളി എന്നാണ് അദ്ദേഹത്തിന്റെ പേര്. എല്ലാവരുടെയും കണ്ണൻചേട്ടൻ. അയാൾ എന്നെ തുടർച്ചയായി ഉപദ്രവിച്ചു. അതൊക്കെ ഉപദ്രവമാണെന്ന് എനിക്ക് മനസിലായത് തന്നെ കഴിഞ്ഞവർഷമാണ്. എന്തുചെയ്യാൻ പറ്റും. മരണംവരെ ഞാൻ അനുഭവിക്കും. ഒരുവിധത്തിലാണ് ഞാൻ ജീവിക്കുന്നത്, ഒരുവിധത്തിൽ. ജീവിക്കാൻ വയ്യ എനിക്ക്. ശരിക്കും മടുത്തു'', അനന്തു പറയുന്നു. നേരത്തെ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാനായി ഷെഡ്യൂൾചെയ്തുവെച്ച വീഡിയോയാണ് ഇത്.
കഴിഞ്ഞാഴ്ചയാണ് കോട്ടയം സ്വദേശിയായ അനന്തു അജിയെ തിരുവനന്തപുരത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തമ്പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |