തിരുവനന്തപുരം: പാറ്റൂരിൽ കൺസ്ട്രക്ഷൻ ഉടമയെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് അടക്കം നാലുപേർക്കായി തിരച്ചിൽ വീണ്ടും ശക്തമാക്കി പൊലീസ്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പുറമേയാണ് അന്വേഷണം വ്യപകമാക്കിയത്. ഓംപ്രകാശിന് പുറമെ ഇയാളുടെ കൂട്ടാളികളായ വിവേക്, ശരത് കുമാർ, എസ്.അബിൻ ഷാ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതികളുടെ ഫോട്ടോയടക്കം കൈമാറി.
കേസിൽ ഇതുവരെ ഒമ്പത് പ്രതികളാണ് അറസ്റ്റിലായത്. ജനുവരി ഒമ്പതിന് പുലർച്ചെയാണ് പാറ്റൂരിന് സമീപം കൺസ്ട്രക്ഷൻ കമ്പനിയുടമയായ നിഥിനെയും സുഹൃത്തുകളായ ആദിത്യ, ജഗതി സ്വദേശി പ്രവീൺ, പൂജപ്പുര സ്വദേശി ടിന്റു ശേഖർ എന്നിവരെ ഓം പ്രകാശിന്റെ നേതൃത്വത്തിൽ കാർ തടഞ്ഞുനിറുത്തി 13 അംഗ സംഘം വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. മേട്ടുകട സ്വദേശികളും സഹോദരങ്ങളുമായ ആസിഫ്, ആരിഫ് എന്നിവരുമായി നിഥിനുണ്ടായ സാമ്പത്തിക തർക്കങ്ങളാണ് അക്രമത്തിന് കാരണം. ഇതേതുടർന്ന് ജനുവരി എട്ടിന് രാത്രി നിഥിന്റെ നേതൃത്വത്തിലുള്ള സംഘം ആസിഫിന്റെയും ആരിഫിന്റെയും വീടുകയറി ആക്രമിച്ചിരുന്നു. ഇതിന് തിരിച്ചടിയായിരുന്നു ഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള കൊലപാതക ശ്രമം. പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ ഓംപ്രകാശ് അടക്കമുള്ളവർ കേരളം വിട്ടു. കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ജനുവരി 21 ന് ആരിഫും ആസിഫുമടക്കം കേസിലെ ആദ്യത്തെ നാലു പ്രതികളും വഞ്ചിയൂർ കോടതിയിൽ കീഴടങ്ങി. പിന്നാലെ മറ്റ് അഞ്ചുപേരെയും പിടികൂടി. എന്നിട്ടും മുഖ്യസൂത്രധാരനായ ഓംപ്രകാശും മറ്റ് മൂന്നുപേരും കീഴടങ്ങാൻ കൂട്ടാക്കിയില്ല. ഇവർക്കായി ബംഗളുരുവിലും മുംബയിലും തമിഴ്നാട്ടിലും പൊലീസ് തിരച്ചിൽ ശക്തമാക്കിയെങ്കിലും കണ്ടെത്താനായില്ല. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് മരവിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |