തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കേസിൽ പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും. ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുണ്ടായിരുന്ന പരാതികൾ പുതിയ അന്വേഷണ ഉദ്യോഗസ്ഥനായ ഷാജിക്ക് കൈമാറി. ആറ് പരാതിക്കാരുടെ മൊഴിയെടുപ്പ് ഇന്ന് നടത്തും. കൈവശമുള്ള തെളിവുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകും.
വെളിപ്പെടുത്തൽ നടത്തിയവർ ഇതുവരെ പരാതി നൽകിയിട്ടില്ല. നിലവിലെ പരാതിക്കാരുടെ മൊഴിപ്രകാരം വെളിപ്പെടുത്തൽ നടത്തിയവരെ നേരിൽ കണ്ട് മൊഴിയെടുക്കാണ് പൊലീസ് നീക്കം. സൈബർ തെളിവുകളും പരിശോധിക്കും. ഇതിനായി സൈബർ ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചെന്ന കേസിൽ കെഎസ്യു പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ജില്ലാ സെക്രട്ടറി ഏഴംകുളം സ്വദേശി മുബിൻ ബിനുവിന്റെയും അടൂരിലെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും വീടുകളിൽ ഇന്നലെ രാവിലെ മുതൽ ഉച്ചവരെയായിരുന്നു റെയ്ഡ്. മുബിൻ ബിനുവിന്റെ മൊബൈൽഫോൺ കസ്റ്റഡിയിലെടുത്തു.
2023ലാണ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ രാഹുൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തത്. അന്ന് അടൂർ, പന്തളം പ്രദേശങ്ങളിലെ ചില സ്ഥാപനങ്ങളിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തെങ്കിലും വ്യക്തമായ തെളിവുകൾ ലഭിച്ചില്ല. സർക്കാർ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ചില മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധന നടത്തിയപ്പോൾ ക്രമക്കേടുമായി ബന്ധപ്പെട്ട് രാഹുലിന്റെ പേര് പരാമർശിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രാഹുലിന് നോട്ടീസ് നൽകിയതായും ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. എന്നാൽ രാഹുൽ ഇത് നിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |