തിരുവനന്തപുരം:പതിനാലുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും മയക്കുമരുന്ന് വില്പന നടത്തുകയും ചെയ്ത കേസിൽ രണ്ടാനച്ഛനായ പ്രതിക്ക് 55 വർഷം കഠിന തടവ്. മാറനല്ലൂർ സ്വദേശി അനീഷിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. 40,000 രൂപ പിഴയും വിധിച്ചു.
പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷവും നാല് മാസവുംകൂടി തടവ് അനുഭവിക്കണം.പിഴത്തുക കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു.2019ലായിരുന്നു സംഭവം.പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മ രണ്ടാം വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾക്ക് ശേഷം പ്രതി കുട്ടിയും അമ്മയുമായി നാഗർകോവിലിലെ വാടക വീട്ടിലേക്ക് താമസം മാറി. അമ്മ വീട്ടിലില്ലാത്ത സമയത്താണ് കുട്ടിയെ മർദ്ദിച്ചശേഷം പീഡിപ്പിച്ചത്.സംഭവം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.തുടർന്ന് ആന്ധ്രയിലും വിശാഖപട്ടണത്തും കൊണ്ടുപോയും കുട്ടിയെ പീഡിപ്പിച്ചു. മയക്കുമരുന്ന് കച്ചവടത്തിന് വേണ്ടിയാണ് പ്രതി പല സംസ്ഥാനങ്ങളിലും പോയത്. കുട്ടിയെ അമ്മയും ഭീഷണിപ്പെടുത്തി മയക്കുമരുന്ന് കച്ചവടത്തിന് വിടുമായിരുന്നു. കുട്ടി സ്വന്തം അച്ഛനെയും സഹോദരനെയും ഫോണിൽ വിളിച്ച് സംഭവം പറയാൻ ശ്രമിച്ചപ്പോഴും പ്രതി മർദ്ദിച്ചിരുന്നു. തിരുമലയിൽ വന്ന് താമസം തുടങ്ങിയശേഷം പീഡനം വീണ്ടും തുടർന്നു.ഇതോടെ കുട്ടി മറ്റ് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.അനീഷ് ഒരു കൊലക്കേസിലും പ്രതിയാണ്.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ്‌മോഹൻ,ആർ.അരവിന്ദ് എന്നിവർ ഹാജരായി.പൂജപ്പുര ഇൻസ്‌പെക്ടറായിരുന്ന വിൻസന്റ് എം.എസ്.ദാസ്,ആർ.റോജ് എന്നിവരാണ് അന്വേഷണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |