പരിയാരം: പരിയാരത്ത് കെട്ടിയിട്ട് മോഷണം നടന്ന സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണ പുരോഗതിയില്ല. കഴിഞ്ഞ 19 ന് രാത്രി നടന്ന മോഷണത്തിന്റെ അന്വേഷണത്തിനായി പയ്യന്നൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നുവെങ്കിലും എവിടെയുമെത്താൻ പൊലീസിന് കഴിഞ്ഞില്ല.
സമീപത്തെ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള എസ്.എച്ച്.ഒമാരേയും എസ്.ഐമാരെയും ഉൾപ്പെടുത്തി രൂപം നൽകിയ അന്വേഷണസംഘം വെറും പേരിന് മാത്രമാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. പരിയാരം സ്റ്റേഷൻ പരിധിയിൽ മുമ്പ് ക്രിമിനൽ കേസുകളിൽ പ്രതികളായിരുന്ന ചിലരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നതെന്നാണ് വിവരം. സി.സി.ടി.വികളിൽപെടാത്ത മോഷ്ടാക്കളുടെ വിരലടയാളം പോലും പൊലീസിന് ഇതേവരെ ലഭിച്ചിട്ടില്ല. പൊലീസിനേക്കാൾ ജാഗരൂകയായിട്ടാണ് ഇപ്പോൾ കള്ളൻമാർ ഡ്യൂട്ടിക്കിറങ്ങുന്നതെന്നാണ് പൊലീസുകാർ തന്നെ പറയുന്നത്.
പരിയാരം സ്റ്റേഷൻ പരിധിയിലെ മോഷണങ്ങൾ അന്വേഷിച്ചു പിടിക്കാൻ മാത്രമായി കഴിവുതെളിയിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ അത്തരത്തിലുള്ള ഒരു നീക്കവും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുമില്ലല്ല.
ഇൻസ്‌പെക്ടറായി പി. നളിനാക്ഷൻ ചുമതലയേറ്റു
മോഷണ വിവാദങ്ങൾക്കിടെ പരിയാരം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറായി പി. നളിനാക്ഷൻ ഇന്നലെ ചുമതലയേറ്റു. കരിവെള്ളൂർ പുത്തൂർ സ്വദേശിയാണ്. കുറ്റാന്വേഷണ വിദഗ്ദ്ധനായ ഇദ്ദേഹം കാസർകോട് എസ്.ഐ ആയിരുന്നപ്പോൾ പ്രമാദമായ ഷാനവാസ് വധക്കേസിലെ പ്രതികളെ പിടികൂടുന്നതിന് പ്രധാന പങ്കുവഹിച്ചിരുന്നു. കാസർകോട് അക്കാലത്തെ പല ഗുണ്ടാ ഹണിട്രാപ്പ് സംഘങ്ങളെയും, ഓൺലൈൻ തട്ടിപ്പ് സംഘങ്ങളെയും അമർച്ച ചെയ്യാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. റെയിൽവേ പൊലീസ് എസ്.ഐ ആയിരുന്നപ്പോൾ നേത്രാവതി എക്സ്പ്രസിൽ കവർച്ച നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ട്രെയിൻ വഴിയുള്ള നിരവധി ലഹരിക്കടത്താണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 2022 ജൂൺ 5 മുതൽ പതിനാറ് മാസമായി പരിയാരത്ത് എസ്.എച്ച്.ഒ പോസ്റ്റ് ഒഴിഞ്ഞ് കിടക്കുകയായിരുന്നു. പി നളിനാക്ഷനെ മൂന്ന് മാസം മുൻപ് പരിയാരം ഇൻസ്‌പെക്ടറായി നിയമിച്ചിരുന്നുവെങ്കിലും യു.എൻ മിഷൻ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് അന്ന് സുഡാനിലായതിലാൽ ചുമതല ഏൽക്കാൻ സാധിച്ചിരുന്നില്ല. സ്റ്റേഷൻ പരിധിയിലെ മോഷണ പരമ്പരക്ക് അവസാനം കുറിക്കുവാൻ മികച്ച കുറ്റാന്വേഷകനായ പി നളിനാക്ഷന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |