ആലുവ: റെയിൽവേ ടിക്കറ്റ് കരിഞ്ചന്തയിൽ വില്പന നടത്തിയ പശ്ചിമബംഗാൾ മുർഷിദാബാദ് സാഹേബ്രെയിൻപൂരി കീർത്തനിയാപാര ജമീനുൽ ഇസ്ലാം മണ്ഡൽ (28) റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ പിടിയിലായി.
പെരുമ്പാവൂരിലെ മൊബൈൽ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഇയാളിൽനിന്ന് 11,000 രൂപ വിലവരുന്ന ഉപയോഗിക്കാൻ സാധിക്കുന്ന ആറ് ട്രെയിൻ ഇ ടിക്കറ്റുകളും 10,000 രൂപ വിലവരുന്ന കാലാവധി കഴിഞ്ഞ നാല് ഇ ടിക്കറ്റുകളും കണ്ടെടുത്തു. മൂന്ന് തിരിച്ചറിയൽ കാർഡിന്റെ പകർപ്പുകളും ലാപ്ടോപ്പും പിടിച്ചെടുത്തു. റെയിൽവേ അഡ്മിനിസ്‌ട്രേഷന്റെയും ഐ.ആർ.സി.ടി.സിയുടെയും അനുമതിയില്ലാതെയാണ് ഇയാൾ ടിക്കറ്റുകൾ റിസർവ് ചെയ്തിരുന്നത്. വ്യാജ തിരിച്ചറിയൽകാർഡ് ഉപയോഗിച്ച് റെയിൽവേ ടിക്കറ്റെടുത്തശേഷം കരിഞ്ചന്തയിൽ കൂടിയ വിലയ്ക്ക് വില്പന നടത്തി വരികയായിരുന്നുവെന്ന് ആർ.പി.എഫ് പറഞ്ഞു. കഴിഞ്ഞ രണ്ടരവർഷമായി ജമീനുൽ ഇസ്ലാം മൊബൈൽ ടെക്‌നീഷ്യനായി ജോലിചെയ്യുകയാണ്.
അന്വേഷണത്തിൽ ആർ.പി.എഫ് എ.എസ്.ഐ കെ. സുരേഷ്, ഇന്റലിജന്റ്സ് ബ്രാഞ്ച് എസ്.ഐ പ്രൈസ് മാത്യു, എ.എസ്.ഐ സിജോ സേവ്യർ, എ.എസ്.ഐ ഫിലിപ്പ് ജോൺ എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിന് മുമ്പാകെ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |