പൊലീസ് നടപടി എടുക്കുന്നില്ലന്ന് പരാതി.
കട്ടപ്പന :വെള്ളയാംകുടി ഇടുക്കിക്കവലയിൽ ഇരുചക്ര വാഹനയാത്രികരെ പിന്നിൽ നിന്നും വന്ന വാഹനം ഇടിച്ചിട്ട് നിർത്താതെ പോയ സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി. ഞായറാഴ്ച വൈകിട്ട് 4ഓടെയാണ് ഇരട്ടയാർ സ്വദേശി ഷിജോ സെബാസ്റ്റിയനും മകളും സഞ്ചരിച്ച ബൈക്കിൽ ഇയോൺ കാർ ഇടിച്ച് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ കാർ ഇവരെ ഇടിച്ചിട്ട ശേഷം നിർത്താതെ വേഗത്തിൽ കടന്നുകളഞ്ഞു. പരിക്കേറ്റവരെ ആദ്യം ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലും തുടർന്ന് സെന്റ് ജോൺസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അധികൃതർ ഇതുവരെ ഇന്റിമേഷൻ എടുക്കുന്നതിനുപോലും തയാറായിട്ടില്ലെന്നും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നുമാണ് ഷിജോ സെബാസ്റ്റ്യന്റെ പരാതി. അപകടശേഷം കാർ അമിതവേഗത്തിൽ പോകുന്ന സി.സി.ടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവന്നു. അതോടൊപ്പം കട്ടപ്പന വെള്ളയാംകുടി റോഡിൽ വിവിധ സ്ഥാപനങ്ങളിൽ റോഡിലേക്ക് നിരവധിയായ സി.സി.ടി.വി ക്യാമറകൾ ഉണ്ട്. എന്നാൽ പൊലീസ് ഇവയൊന്നും പരിശോധിക്കുന്നില്ലെന്നും പരാതിയുണ്ട്. അപകടത്തിൽ ഷിജോയ്ക്ക് കാലിനും കൈയ്ക്കും പരിക്കുപറ്റിയതിന് പുറമേ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവുകളുമുണ്ട്. 16 കാരിയായ മകൾക്ക് കൈകാലുകൾക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. സംഭവം നടന്ന് അഞ്ചു ദിവസം പിന്നിടുമ്പോഴും നടപടികൾ ഒന്നും ഉണ്ടാകുന്നില്ല. ഇത്രയും ദിവസത്തിനിടയിൽ മുപ്പതിനായിരത്തിലധികം രൂപ ചികിത്സാചിലവുമായി. അധികാരികൾ അനാസ്ഥ ഒഴിഞ്ഞ് അപകടം ഉണ്ടാക്കിയ ചുവന്ന ഇയോൺ കാർ കണ്ടെത്തുകയും മാതൃകാപരമായ ശിക്ഷ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |