ബേപ്പൂർ: ഇരു ചക്ര വാഹനങ്ങളിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന വരെ പിടികൂടാൻ എ .ഐ ക്യാമറയും , നേരിട്ട് സ്റ്റേഷന് മുൻ വശത്ത് നിന്ന് ബേപ്പൂർ പൊലീസും മൊബൈൽ ക്യാമറയിലൂടെ വാഹനങ്ങൾ പകർത്തി പിഴ ഈടാക്കുന്നതോടെ മത്സ്യ തൊഴിലാളികളടക്കമുള്ള ഇരു ചക്ര വാഹന യാത്രക്കാർ ആകെ വലഞ്ഞു. കഴിഞ്ഞ ജൂലായിൽ ഈ ഭാഗത്തു കൂടി ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്റെ പേരിൽ 50 ലധികം കേസുകളുടെ നോട്ടീസ് ഒരു വ്യക്തിക്ക് ലഭിച്ചതായി പറയപ്പെടുന്നു. ബേപ്പൂരിലെ ഒരു വ്യാപാരി ജൂലായ് മാസം 14 തവണ ഈ ഭാഗത്തുകൂടി ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്റെ തെളിവ് സഹിതം നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനിടയിൽ ഈ ഭാഗത്ത് സ്ഥാപിച്ച എ.ഐ ക്യാമറ പ്രവർത്തന രഹിതമാണെന്ന് വ്യാജ പ്രചരണത്തെത്തുടർന്ന് നിരവധി തവണ യാത്ര ചെയ്ത വരും വെട്ടിലായി.മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഒരു ദിവസം നിരവധി തവണ ബോട്ടുകൾ വന്ന് പോകുമ്പോൾ പല ആവശ്യങ്ങൾക്കായി ഹാർബറിലേക്ക് പോകേണ്ടതുണ്ട്. സംഭവം നടന്ന് മൂന്ന് മാസത്തിന് ശേഷം നോട്ടീസ് വരുന്നതിനാൽ ക്യാമറയിൽ പതിഞ്ഞില്ലെന്ന് കരുതിയവരെല്ലാം ഒന്നിച്ച് നോട്ടീസ് വന്നതോടെ പ്രതിസന്ധിതിയിലായി. എ .ഐ ക്യാമറയും പൊലീസിനേയും ഭയന്ന് സ്ഥിരമായി ബേപ്പൂർ അങ്ങാടിയിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ മറ്റ് ഇടങ്ങൾ തേടിയതോടെ അങ്ങാടിയിലെ വ്യാപാരികളും വിഷമസ്ഥിതിയിലായി. ബേപ്പൂരിൽ അടുത്ത കാലത്തായി നടന്ന ബൈക്കപകട മരണങ്ങളിൽ വില്ലൻ ഹെൽമറ്റില്ലാത്തതായിരുന്നു എന്നതാണ് മറ്റൊരു വസ്തുത. കൂടാതെ എ.ഐ ക്യാമറ സ്ഥാപിക്കപ്പെട്ടതോടെ വാഹനാപകട മരണങ്ങൾ ഗണ്യമായി കുറയുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |