ആറ്റിങ്ങൽ: യാത്രക്കാരെ കുഴിയിൽ ചാടിച്ച് ആറ്റിങ്ങൽ പട്ടണത്തിലെ നാലുവരിപ്പാത. നാലുവരിപ്പാതയിൽ വിവിധയിടങ്ങളിൽ നിറയെ കുഴികൾ കണ്ടിട്ടും അധികൃതർക്ക് മിണ്ടാട്ടവുമില്ല. വാഹനയാത്രക്കാരും കാൽനടയാത്രക്കാരും കുഴിയിൽ വീണ് പരിക്കേൽക്കുന്നത് പതിവാണ്.
ദേശീയപാതയിൽ ചന്തറോഡ് തുടങ്ങുന്ന ഭാഗത്ത് റോഡിന്റെ ഡിവൈഡറിനോടു ചേർന്ന് മൂന്നിടത്ത് കുഴികൾ അടുത്തടുത്തുണ്ട്. മാൻഹോളുകൾ ഇടിഞ്ഞ് താഴ്ന്നുണ്ടായതാണ് ഇതിൽ രണ്ടെണ്ണം.ഒരു കുഴിക്ക് മൂന്നടിയോളം നീളവും ഒരടിയോളം വീതിയുമുണ്ട്. വലിയ വാഹനങ്ങളുൾപ്പെടെ ഈ കുഴികളിൽ ചാടിയാണിപ്പോൾ കടന്നുപോകുന്നത്. തിരക്കുള്ള ഈ ഭാഗത്ത് മിക്കപ്പോഴും അടുത്തെത്തിയശേഷമേ കുഴി കാണൂ. രാത്രിയാണെങ്കിൽ പറയുകയും വേണ്ട.
ആറ്റിങ്ങൽ പട്ടണത്തിലെ പ്രധാന കവലയായ കച്ചേരി ജംഗ്ഷനിൽ നാലുവരിപ്പാതയുടെ നടുക്കാണ് കുഴിയുള്ളത്.പാതയിൽ അടുത്തിടെ ചല്ലും ടാറും കുഴച്ചിട്ട് നികത്തിയെങ്കിലും വീണ്ടും വലിയ കുഴിയായി മാറിക്കഴിഞ്ഞു. കിഴക്കേ നാലുമുക്കിൽ നിന്ന് വരുന്ന വാഹനങ്ങൾ യു ടേൺ എടുക്കണമെങ്കിൽ കുഴിയിൽ ചാടി മാത്രമേ തിരിഞ്ഞു പോകാൻ കഴിയൂ.
പൊലീസ് സ്റ്റേഷൻ അടക്കം നിരവധി സർക്കാർ ഓഫീസുകളിൽ പോകേണ്ട റോഡിന്റെ പ്രവേശന ഭാഗത്താണീ കുഴിയെന്നതും ശ്രദ്ധേയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |