കൊച്ചി: കുടിവെള്ളത്തിൽ നിന്ന് പകർച്ചവ്യാധികളും ജലജന്യ രോഗങ്ങളും പടർന്നു പിടിക്കുമ്പോഴും മതിയായ പരിശോധനയേതുമില്ലാതെ വാട്ടർ ടാങ്കറുകൾ ചീറിപ്പായുന്നു. കുടിവെള്ളത്തിൽ കോളീഫോം ബാക്ടീരിയ കലർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ ഒന്നൊന്നായി റിപ്പോർട്ട് ചെയ്യുകയാണ്.
തമ്മനം, പെരുമാനൂർ, വടുതല, പച്ചാളം, ആലുവ, മരട്, പള്ളിമുക്ക് എന്നീ പമ്പുഹൗസുകളിലായി വാട്ടർ അതോറിറ്റിക്ക് ആകെയുള്ളത് ഒരേയൊരു കുടിവെള്ള ടാങ്കർ ലോറി മാത്രമാണ്! ബാക്കിയുള്ളവ സ്വകാര്യ കമ്പനികളുടേത്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സർട്ടിഫിക്കറ്റില്ലാത്തവയാണ് സ്വകാര്യടാങ്കറുകളിൽ ഏറെയും. വാട്ടർ അതോറിറ്റി വെള്ളം തന്നെ വേണമെന്ന് ആവശ്യപ്പെടുന്നവർക്കേ സ്വകാര്യ കമ്പനികൾ അതെത്തിക്കൂ. ഭക്ഷ്യസുരക്ഷാ സർട്ടിഫിക്കറ്റിനു പുറമേ പമ്പ് ഹൗസിൽ പണമടച്ച രസീത്, പമ്പ് ഹൗസുകളിലെ ഗേറ്റ് പാസ് എന്നിവ മാത്രമാണ് കുടിവെള്ളം വാട്ടർ അതോറിറ്റി പമ്പ് ഹൗസുകളിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിക്കാനുള്ള മാർഗങ്ങൾ. വീടുകൾ, സ്ഥാപനങ്ങൾ, ഫ്ളാറ്റ് സമുച്ചയങ്ങൾ എന്നിവിടങ്ങളിലൊന്നും ഇത്തരം രേഖകൾ ആവശ്യപ്പെടുന്നില്ലെന്നത് മറയാക്കിയാണ് നടപടി. ആകെയുള്ള വാട്ടർ അതോറിറ്റി ടാങ്കറിൽ വെള്ളമെത്തിക്കുന്നത് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം.
ടാങ്കർ കുടിവെള്ള നിരക്ക്
ഒരു കിലോ ലിറ്ററിന് 76.15 രൂപ
10,000 ലിറ്ററിന് 761 രൂപ.
(ആവശ്യക്കാരിലെത്തുന്നതാകട്ടെ പലയിരട്ടി വിലയിലും.)
തോടുകളിൽ നിന്ന് വരെ വെള്ളം
വാട്ടർ അതോറിറ്റിയുടെ വെള്ളമെന്നുപറഞ്ഞ് എത്തിക്കുന്നത് പെരിയാർ, കുളങ്ങൾ, കിണറുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളമാണ്. തോടുകളിൽ നിന്ന് പോലും വെള്ളമെടുക്കുന്നതായി പരാതിയുണ്ട്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് സ്വകാര്യ കുടിവെള്ള വിതരണ കമ്പനികളുടെ സ്രോതസുകളിലും പരിശോധനകൾ. അതോറിറ്റി പമ്പുഹൗസുകളിൽ ഓരോ ഏരിയാ തിരിച്ച് ആഴ്ചയിൽ രണ്ടു തവണ 10 സാമ്പിളുകൾ പരിശോധിക്കും. മരട് ആലുവ റീജിയണൽ ലാബുകളിലാണിത്തരം പരിശോധനകൾ.
വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ള പരിശോധനകൾ കൃത്യമായി നടത്താറുണ്ട്. സ്വകാര്യ ടാങ്കറുകൾക്കും സ്രോതസുകൾക്കും കർശന പരിശോധന ആവശ്യമാണ്.
പ്രകാശ്
എ.ഇ, വാട്ടർ അതോറിറ്റി
ഇവ നടപ്പാക്കുക
സ്വകാര്യ കുടിവെള്ള ടാങ്കറുകളുടെ എണ്ണം തിട്ടപ്പെടുത്തൽ
ടാങ്കറുകളുടെ പരിശോധന
വെള്ളം എത്തിക്കുന്ന സ്രോതസ് കണ്ടെത്തൽ
ആരോഗ്യ വകുപ്പ്- ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |