തൃശൂർ: ഒരിടവേളയ്ക്ക് ശേഷം മുല്ലശ്ശേരി പഞ്ചായത്തിൽ വീണ്ടും അവയവ കച്ചവടം നടന്നെന്ന് വിവരം. രണ്ടാഴ്ച മുമ്പ് ഒരു സ്ത്രീയാണ് കരൾ നൽകിയത്. അവയവ കച്ചവടത്തിന് ഇറാനിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മുല്ലശ്ശേരിയിലെ അവയവ കച്ചവട വിവരങ്ങളും പുറത്തുവന്നിരുന്നു.
ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ പണമെടുത്ത് കടക്കെണിയിലായ, ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയാണ് കരൾ നൽകിയതെന്നാണ് വിവരം. കരൾ നൽകി പണം കിട്ടിയിട്ടും കടം തീർക്കാതിരുന്നതോടെയാണ് ജാമ്യം നിന്ന ചിലർ വിവരം പുറത്തുവിട്ടതത്രേ.
മുല്ലശ്ശേരിയിലെ 30 പേർ അവയവ കച്ചവടം നടത്തിയതായി നേരത്തേ വിവരം ലഭിച്ചിരുന്നു. തൃശൂർ വലപ്പാട്ട് വാടകയ്ക്ക് താമസിച്ചിരുന്ന സാബിത്ത് വഴിയായിരുന്നു കച്ചവടം. ഇറാനിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരിയിൽ വച്ച് ഇയാൾ അറസ്റ്റിലായതോടെയാണ് മുല്ലശ്ശേരി അവയവക്കച്ചവട വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് മുൻ പ്രസിഡന്റും സാന്ത്വനം ജീവകാരുണ്യ സമിതി പ്രസിഡന്റുമായ സി.എ.ബാബു കഴിഞ്ഞ നവംബറിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷിച്ചെങ്കിലും തെളിവില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ചു. അവയവ കച്ചവട മാഫിയയുടെ ഭീഷണിയെ തുടർന്നാണ് അവയവം നൽകിയവർ വിവരം പുറത്തു പറയാത്തത്. ഇരുപതോളം രേഖകൾ ഇതിനായി തയ്യാറാക്കണം. ഏജന്റുമാരാണ് ഇതെല്ലാം ചെയ്യുന്നത്. പാവപ്പെട്ടവരെയാണ് മാഫിയ കുടുക്കുന്നത്. പറഞ്ഞ പണം നൽകാതെ വഞ്ചിക്കാറുണ്ടെങ്കിലും നിയമവിരുദ്ധ ഇടപാടിൽ പരാതികളുണ്ടാകാറില്ല.
മിണ്ടാട്ടമില്ലാതെ പൊലീസ്
മുല്ലശ്ശേരിയിലെ അവയവക്കച്ചവടം സംബന്ധിച്ച് ജനപ്രതിനിധികളോട് പരാതിപ്പെട്ടെങ്കിലും ഇടപെടലുണ്ടായില്ല. പൊലീസ് തുടങ്ങിയ അന്വേഷണവും മന്ദീഭവിച്ചു. സ്‌പെഷ്യൽ ബ്രാഞ്ചും അന്വേഷണം തുടങ്ങിയെങ്കിലും വിവരം പുറത്തുവിടാനാകില്ലെന്ന നിലപാടിലാണവർ. ഇവരിൽ ഏഴ് പേരുടെ വിലാസമടക്കമുള്ള വിവരങ്ങൾ മാസങ്ങൾക്ക് മുമ്പ് പൊലീസിന് കൈമാറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |