കോട്ടയം : എങ്ങനെ ഇവിടെ വിശ്വസിച്ച് നിൽക്കും. എന്ത് സുരക്ഷയാണ് സ്ത്രീകൾക്കുള്ളത്. പട്ടാപ്പകൽ പോലും മദ്യപാനികൾ അഴിഞ്ഞാടുന്നു. മറുവശത്ത് ലഹരിമാഫിയ - ഗുണ്ടാസംഘത്തിന്റെ കൊലവിളി. അന്യജില്ലകളിൽ നിന്ന് ഉൾപ്പെടെ ദിനംപ്രതി ആയിരക്കണക്കിനാളെത്തുന്ന കോട്ടയം മെഡിക്കൽ കോളേജിന് മുന്നിലെ ബസ് സ്റ്റാൻഡിലാണ് ഈ ദുരവസ്ഥ. ഭീതിയുടെ നിഴലിലാണ് യാത്രക്കാർ. കൂടുതലും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരുമാണെന്നതാണ് ഏറെ സങ്കടം. ഇരിപ്പിടങ്ങളടക്കം സാമൂഹ്യവിരുദ്ധർ കൈയടക്കി. പകൽ സമയം ഇവിടെ കിടന്ന് ഉറങ്ങി രാത്രി മദ്യലഹരി വിട്ടശേഷം ചിലർ മടങ്ങും. രോഗികൾക്ക് പോലും തറയിൽ ഇരിക്കേണ്ട ഗതികേടാണ്. സ്റ്റാൻഡ് കേന്ദ്രീകരിച്ച് കഞ്ചാവ് - നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പനയും സജീവമാണ്. കഴിഞ്ഞ ദിവസം ഇവിടെ നട്ടുവളർത്തിയ കഞ്ചാവ് ചെടി എക്സൈസ് നശിപ്പിച്ചിരുന്നു. റോഡ് നവീകരണത്തെ തുടർന്ന് എല്ലാ വാഹനങ്ങളും സ്റ്റാൻഡിലൂടെയാണ് കടത്തിവിടുന്നത്.
കണ്ണടച്ച് പൊലീസ്, സ്വൈര്യം കെട്ട് യാത്രക്കാർ
കഴിഞ്ഞദിവസം സ്വകാര്യ ബസിൽ യാത്ര ചെയ്ത വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ യുവാവിനെ ബസിൽ നിന്ന് വലിച്ചിറക്കി നാട്ടുകാർ കൈകാര്യം ചെയ്തിരുന്നു. വിദ്യാർത്ഥിനി രേഖാമൂലം പരാതി നൽകാത്തതിനാൽ മാനസിക രോഗത്തിന് ചികിത്സ തേടുന്ന യുവാവിനെ സ്റ്റേഷനിൽ എത്തിച്ച ശേഷം പൊലീസ് പറഞ്ഞു വിട്ടു. രാത്രിയായാൽ സ്റ്റാൻഡിലേക്ക് കയറുന്നത് പേടി സ്വപ്നമാണ്. സാമൂഹ്യവിരുദ്ധരെ അമർച്ച ചെയ്യാൻ പൊലീസും മടി കാണിക്കുകയാണെന്നാണ് ആക്ഷേപം. പരിശോധന പേരിന് മാത്രമാണ്. മദ്യപാനികളെ വിരട്ടിയോടിച്ചാലും വീണ്ടും ഇവിടേക്ക് തന്നെ എത്തും. ഗുണ്ടാസംഘങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നതും പതിവാണ്. പ്രദേശത്തെ നിരവധിപ്പേർക്കതിരെ കാപ്പ ചുമത്തിയെങ്കിലും അക്രമങ്ങൾക്ക് കുറവില്ല.
''സ്റ്റാൻഡ് കഞ്ചാവ് - മദ്യ വില്പന കേന്ദ്രമായി മാറി. പൊലീസ്, എക്‌സൈസ് അധികൃതർ അടിയന്തരമായി ഇടപെടണം
(ഗോവിന്ദൻ, യാത്രക്കാരൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |