മലപ്പുറം: കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാക്കഞ്ചേരിയിലെ വെയർഹൗസിൽ നടത്തിയ മിന്നൽ പരിശോധനയിൽ 1.67 കോടിയുടെ വിദേശ നിർമ്മിത സിഗററ്റ് പിടികൂടി. 33 പെട്ടികളിലായി കൊറിയൻ ബ്രാന്റുകളുടെ 12,88,000 സിഗററ്റുകളാണ് പിടികൂടിയത്. കേന്ദ്ര സർക്കാർ, ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച നിയമം അനുശാസിക്കുന്ന മുന്നറിയിപ്പുകൾ ഒന്നും രേഖപ്പെടുത്താത്ത ഈ സിഗററ്റ് പായ്ക്കറ്റുകൾ ഡൽഹി, ഗുജറാത്ത്, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നാണ് കാക്കഞ്ചേരിയിലേക്ക് എത്തിച്ചത്. രാജ്യത്തെ വിവിധ തുറമുഖങ്ങളിലൂടെ കള്ളക്കടത്ത് നടത്തി കൊണ്ടുവന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രണ്ടു പേരെ കസ്റ്റംസ് പ്രവന്റീവ് വിഭാഗം അറസ്റ്റ് ചെയ്തു. ഇവരെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടരന്വേഷണം പുരോഗമിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |