നീലേശ്വരം: ബാങ്കിൽ വ്യാജ സ്വർണ്ണം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. നീലേശ്വരം കടിഞ്ഞിമൂലയിലെ കെ.വി സുമേഷ് (38), പേരോൽ പുത്തിരിയടുക്കം പാലത്തടത്തെ പി. രാജേഷ് (44) എന്നിവരെയാണ് എസ്.ഐ എം. വിഷ്ണുപ്രസാദ്, എസ്.ഐ മുരളീധരൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
നീലേശ്വരം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് മെയിൻ ബ്രാഞ്ചിലും ശാഖയിലുമാണ് പ്രതികൾ സ്വർണ്ണം പൂശിയ ആഭരണങ്ങൾ സ്വർണ്ണമാണെന്ന് വിശ്വസിപ്പിച്ച് പണയം വെച്ച് പണം തട്ടിയെടുത്തത്. ഇക്കഴിഞ്ഞ മേയ് ഇരുപത്തിരണ്ടിന് 83.700 ഗ്രാം തൂക്കം വരുന്ന സ്വർണ്ണം പൂശിയ പത്തുവളകൾ പണയം വെച്ച് സുമേഷ് 3,90,300 രൂപയും മറ്റൊരു കേസിൽ 41.900 ഗ്രാം തൂക്കമുള്ള സ്വർണ്ണം പൂശിയ അഞ്ച് വളകൾ പണയം വെച്ച് 2,08,500 രൂപയും രാജേഷ് ഇക്കഴിഞ്ഞ ഏപ്രിൽ പതിനൊന്നിന് 33.900 ഗ്രാം തൂക്കം വരുന്ന നാലു വളകൾ പണയപ്പെടുത്തി 1,42,000 രൂപയും ഏപ്രിൽ പന്ത്രണ്ടിന് 33.200 ഗ്രാം തൂക്കം വരുന്ന നാലുവളകൾ പണയപ്പെടുത്തി 1,42,000 രൂപയും കൈവശപ്പെടുത്തി ബാങ്കിനെ വഞ്ചിച്ചുവെന്ന അധികൃതരുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു.
അതേസമയം നീലേശ്വരം സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രഭാത-സായാഹ്ന ശാഖയിൽ 24.600 ഗ്രാം തൂക്കം വരുന്ന സ്വർണ്ണം പൂശിയ മൂന്ന് വളകൾ പണയപ്പെടുത്തി 1,14,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ കടിഞ്ഞി മൂലയിലെ എം സുനിലിനെ (44) തിരെയും നീലേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |