ബംഗളൂരു: കർണാടകയിൽ 27കാരിയായ ഇസ്രയേലി വിനോദസഞ്ചാരിയേയും ഹോംസ്റ്റേ ഉടമയെയും കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഗംഗാവതി സ്വദേശികളായ ചേതൻ സായ്, സായ് മല്ലു എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം ഒരാൾ കൂടി ഉണ്ടായിരുന്നു. ഇയാൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് കൊപ്പൽ എസ് പി അറിയിച്ചു. കർണാടകയിലെ കൊപ്പൽ ജില്ലയിലെ കനാലിനടുത്ത് വ്യാഴാഴ്ച രാത്രിയോടെയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ബലാത്സംഗത്തിന് ഇരയായ യുവതികൾ സുഖം പ്രാപിച്ചുവരുന്നതായി പൊലീസ് അയിച്ചു.
പ്രതികൾ യുവതികളുടെ കൂടെ ഉണ്ടായിരുന്ന വിനോദസഞ്ചാരികളായ മൂന്ന് പുരുഷൻമാരെ കനാലിലേക്ക് തളളിയിട്ടതിനുശേഷമായിരുന്നു കൂട്ടബലാത്സംഗം നടത്തിയത്. യുഎസ് സ്വദേശിയായ ഡാനിയേൽ എന്ന യുവാവിനെയും മഹാരാഷ്ട്ര സ്വദേശിയായ പങ്കജ്, ഒഡീഷ സ്വദേശിയായ ബിബാഷ് എന്നിവരെയാണ് കനാലിലേക്ക് തളളിയിട്ടത്. ഇതിൽ ഡാനിയേലും പങ്കജും നീന്തി രക്ഷപ്പെട്ടു. ബിബാഷ് മുങ്ങി മരിക്കുകയായിരുന്നു. ഇയാളുടെ മൃതദേഹം ഇന്ന് പുലർച്ചയോടെയാണ് കനാലിൽ നിന്ന് കണ്ടെടുത്തത്.
സംഭവത്തിൽ ഹോം സ്റ്റേ ഉടമയായ 29കാരി പരാതി നൽകിയിരുന്നു. യുവതിയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെ, രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം താനും ഹോം സ്റ്റേയിൽ എത്തിയ നാല് പേരും കനാലിന്റെ തീരത്ത് ആകാശ നിരീക്ഷണത്തിന് പോയതാണ്. അപ്പോഴാണ് പ്രതികൾ ബൈക്കിൽ എത്തിയത്. ആദ്യം അവർ പെട്രോൾ എവിടെ കിട്ടുമെന്നാണ് ചോദിച്ചത്. പിന്നെ 100 രൂപ ആവശ്യപ്പെട്ടു. പണം കൊടുക്കാതെ വന്നതോടെ പുരുഷൻമാരെ ആക്രമിച്ച് കനാലിൽ തളളിയതിനുശേഷം തങ്ങളെ പീഡിപ്പിക്കുകയായിരുന്നു. കൃത്യം നടത്തിയതിനുശേഷം അവർ രക്ഷപ്പെട്ടു. ബിബാഷിന്റെ മൃതദേഹം ഫയർഫോഴ്സും ഡോഗ് സ്‌ക്വാഡും എത്തിയാണ് കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |