കോട്ടയം : 30 കോടിയുടെ ആസ്തിയുണ്ടായിട്ടും എട്ടു കോടിയുടെ കടമുണ്ടാക്കിയ അന്ധതയിൽ ജോർജ് കുര്യൻ രക്തബന്ധം മറക്കുകയായിരുന്നു. തീരാപ്പകയിൽ അനിയനെയും അമ്മാവനെയും നിഷ്കരുണം വെടിവച്ചിട്ടു. സംഭവ ശേഷം ജോർജ് കുര്യൻ സാക്ഷികളെ തോക്ക് ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തി. ബിസിനസ് പാളിച്ചയ്ക്ക് ശേഷം കുടുംബ സ്വത്തിലെ തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ഉന്നത വിദ്യാഭ്യാസം, രാജകീയ ജീവിതം, വമ്പൻ ക്ളബുകളിൽ അംഗത്വം. പണത്തിളക്കത്തിന്റെ പട്ടുമെത്തയിൽ പിറന്നിട്ടും വിധി മറ്റൊന്ന്. മൂന്ന് പതിറ്റാണ്ടിലേറെയായി റിവോൾവർ ലൈസൻസ്. വിദേശരാജ്യങ്ങളിലേയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം ലക്ഷങ്ങൾ മുടക്കി വേട്ടയ്ക്ക് പോകുന്നതും വിനോദം. പക്ഷേ, പക ചോരയിൽ നിറഞ്ഞതോടെ സൂക്ഷ്മതയോടെ വേട്ടമൃഗത്തിനെയെന്ന പോലെ സഹോദരനും അമ്മാവനും നേരെ നിറയൊഴിച്ചു. വെള്ള ജുബയിൽ നിറഞ്ഞ ചോരപ്പാടുകളോടെ പുറത്തിറങ്ങിയ ജോർജ് ശബ്ദം കേട്ട് പുറത്ത് കൂടിയവരുടെ നേരെയും തോക്ക് ചൂണ്ടി.
സംസാരിച്ച് തീർക്കാമായിരുന്നു
ഏക്കർ കണക്കിന് തോട്ടമുള്ള ജോർജിന് പാളിയത് കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് കച്ചവടമാണ്. ബിസിനസിലെ നഷ്ടം ഭ്രാന്ത് പിടിപ്പിച്ചു. കുടുംബവീടിനോട് ചേർന്ന 2.33 ഏക്കറിൽ വീടുകൾ വച്ചു വിറ്റാൽ നഷ്ടം നികത്താമെന്നായി ചിന്ത. ഇതു ചൂണ്ടിക്കാട്ടി വീട്ടിൽ നിരന്തര ബഹളം. എന്നാൽ അത്രയും സ്ഥലം നൽകിയാൽ ചുറ്റും ഹൗസിംഗ് കോളനിയാകുമെന്നും സ്വൈര്യ ജീവിതം നഷ്ടമാകുമെന്നും വീട്ടുകാരും രഞ്ജുവും ചൂട്ടിക്കാട്ടിയത് ഇഷ്ടപ്പെട്ടില്ല. ഇത് പകയായി. തലേന്നും വീട്ടിലെത്തി ബഹളം വച്ചു. മാതാപിതാക്കളെ മർദ്ദിച്ചു. മദ്ധ്യസ്ഥത ചർച്ചയ്ക്ക് വിളിച്ചപ്പോഴും കൊല്ലണമെന്ന ലക്ഷ്യമായിരുന്നു. വെടിയേറ്റു പിടയുന്ന രണ്ട് പേരെയും കണ്ടത് മാതാപിതാക്കളാണ്. ജോർജ്ജ് കുര്യന്റെ കൈയിൽ തോക്കും ദേഹത്ത് രക്തക്കറയും കണ്ടു ഭയന്ന അവർ കതകടച്ച് ഓടിമാറി. പക്ഷേ, ഇവരാരും ഇതൊന്നും കോടതിയിൽ പറഞ്ഞില്ല. എന്നാൽ മൂന്ന് ജീവനക്കാർ മൊഴിയിൽ ഉറച്ചു നിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |