കഴക്കൂട്ടം: കണിയാപുരം കരിച്ചാറയിൽ വാടക വീട്ടിൽ ഷാനുവെന്ന യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചുകിടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇവരുടെ ആദ്യ ഭർത്താവ് മരിച്ച ശേഷം തമിഴ്നാട് തിരുനെൽവേലി സ്വദേശിയും ഹോട്ടൽ ജീവനക്കാരനുമായ രങ്കനോടൊപ്പമാണ് ഷാനുവും രണ്ടു പെൺമക്കളും താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകിട്ടോടെ ആറിലും പ്ളസ് വണ്ണിലും പഠിക്കുന്ന പെൺ മക്കൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിക്കടുത്തെ തറയിൽ ഷാനു മരിച്ചുകിടക്കുന്നത് കണ്ടത്.
കഴുത്തിൽ കയർ മുറുക്കി കെട്ടിയ നിലയിലും തല പൊട്ടി ചോര വാർന്ന അവസ്ഥയിലുമാണ് മൃതദേഹം കാണപ്പെട്ടത്. തൂങ്ങി മരണമാണോ വീഴ്ചയിലുണ്ടായ മരണമാണോ, വീഴ്ചയിൽ ബോധം നഷ്ടപ്പെട്ട ശേഷം രക്തം വാർന്ന് മരണം സംഭവിച്ചതാണോയെന്ന സംശയം നിലനിൽക്കുന്നുണ്ട്. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരം അറിയാൻ കഴിയൂ. മുമ്പ് കണിയാപുരത്തെ ഒരുഹോട്ടലിലെ ജീവനക്കാരിയായിരുന്നു ഷാനു, അവിടെ വച്ചാണ് രങ്കനുമായി അടുപ്പത്തിലായത്. ഇതിനിടയിൽ ഷാനും ദുബായിലും കുവൈറ്രിലും ബംഗളൂരുവിലും ജോലിക്ക് പോയിരുന്നതായി ബന്ധുക്കൾ പറയുന്നുണ്ട്. ആറുമാസം മുമ്പ് തിരിച്ചെത്തി കഴിഞ്ഞ 19ന് രങ്കനെയും കൂട്ടി കഠിനംകുളത്തുള്ള ഒരു ക്ഷേത്രത്തിൽവച്ച് പരസ്പരം പൂമാല ചാർത്തുകയും പിന്നീട് വാടക വീട്ടിൽ താമസമാക്കുകയും ചെയ്തു.
സംഭവത്തിനു ശേഷം ഷാനു അണിഞ്ഞിരുന്ന സ്വർണമാലയും ഷാനുവിന്റെയും മകളുടെ ഫോണുകളും കാണാതായിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. കൂടാതെ രങ്കന്റെ തിരുനെൽവേലിയുള്ള മേൽവിലാസം രേഖപ്പെടുത്തിയിരുന്ന ബുക്കിലെ പേപ്പറും കീറിയെടുത്തിരുന്നതായും ബന്ധുക്കൾ പറയുന്നുണ്ട്. വിവാഹം രജിസ്ട്രേഷനു വേണ്ടി കഴക്കൂട്ടത്തെ ഒരു അക്ഷയകേന്ദ്രത്തിലും രേഖകൾ സമർപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. അവിടെ നിന്നാണ് പൊലീസ് രങ്കന്റെ മേൽവിലാസം തപ്പിയെടുത്തത്. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ മംഗലപുരം സി.ഐ ഹേമന്ത് കുമാർ, എസ്.ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |