പാറശാല: വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സെലീനാമ്മയുടെ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത് പരിശോധിക്കും. മരണത്തിൽ ദുരൂഹതയുണ്ടെന്ന മകൻ രാജന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ 17നാണ് ധനുവച്ചപുരം എൻ.എസ്.എസ് സ്‌കൂളിനു പിറകിൽ വൈദ്യൻവിളാകം രാജ് ഭവനിൽ സെലീനാമ്മ(75)യെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയസംബന്ധമായ അസുഖത്തിന് ചകിത്സയിലായിരുന്നു സെലീനാമ്മ. തുടർന്ന് ബന്ധുക്കൾ മാണിവിള ആർ.സി.പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തു.
എന്നാൽ സെലീനാമ്മ അണിഞ്ഞിരുന്നതും അലമാരയിൽ സൂക്ഷിച്ചിരുന്നതുമായ ഏഴ് പവനോളം തൂക്കം വരുന്ന സ്വർണവും മറ്റും മോഷണം പോയതായി മകൻ കണ്ടെത്തി. ഇതിനെ തുടർന്നാണ് രാജൻ പാറശാല പൊലീസിൽ പരാതിപ്പെട്ടത്.ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെങ്കിലും പിന്നീട് മോഷണത്തിനും കേസെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾക്കായി മൃതദേഹം പുറത്തെടുത്ത് തെളിവെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |