തൊടുപുഴ: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് അയൽവാസിയെ വെട്ടി കൊലപ്പെടുത്തിയ പ്രതികൾക്ക് ജീവപര്യന്തം തടവ്. മറയൂർ സ്വദേശിയും ജ്യോത്സ്യനുമായ മാരിയപ്പനെ (70) കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച കേസിലാണ് എരുമേലി സ്വദേശി മിഥുൻ (26), മറയൂർ സ്വദേശി അൻപഴകൻ (അൻപ്- 56) എന്നിവരെ തൊടുപുഴ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജി പി.എസ്. ശശികുമാർ ശിക്ഷിച്ചത്. പ്രതികൾക്ക് ജീവപര്യന്തം തടവിനു പുറമെ 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2020 ഫെബ്രുവരി 24 നായിരുന്നു കേസിനാസ്പദമായ സംഭവം. മൂവരും ചേർന്ന് അൻപഴകന്റെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ഒന്നും രണ്ടും പ്രതികൾ ചേർന്ന് മാരിയപ്പനെ വാക്കത്തിയ്ക്ക് വെട്ടികൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തെളിവ് നശിപ്പിയ്ക്കുന്നതിനായി മൃതദേഹം ചാക്കിൽകെട്ടി കനാലിന് സമീപം ഉപേക്ഷിച്ചു. രാവിലെ നാട്ടുകാരാണ് രക്തം പുരണ്ട നിലയിൽ ചാക്കുകെട്ട് കണ്ടത്. സംശയം തോന്നി തുറന്ന് പരിശോധിച്ചപ്പോൾ മാരിയപ്പന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ അൻപഴകന്റെ വീടിന്റെ സിറ്റൗട്ടും മറ്റും കഴുകി വൃത്തിയാക്കുകയും മുറിയിൽ രക്തക്കറ കണ്ടെത്തുകയും ചെയ്തു. സംഭവ സമയം പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളിലും രക്തക്കറ കണ്ടെത്തി. തുടർന്ന് ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട മാരിയപ്പന്റെ ദേഹത്ത് 47 പരിക്കുകളുണ്ടായിരുന്നു. കേസിൽ 27 സാക്ഷികളെ വിസ്തരിയ്ക്കുകയും 37 പ്രമാണങ്ങളും 14 തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തു. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യതെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും പിൻബലത്തിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പ്രോസിക്യൂട്ടർമാരായ എസ്.എസ്. സനീഷ്, പി.എസ്. രാജേഷ് എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |