ആലപ്പുഴ : വാഹന പരിശോധനക്കിടെ മോഷ്‌ടിച്ച ബൈക്കുമായി കുപ്രസിദ്ധ ഗുണ്ട വടിവാൾ വിനീതിനൊപ്പമെത്തിയ കൂട്ടാളിയെ സൗത്ത് പൊലീസ് പിടികൂടി. ബൈക്ക് ഓടിച്ചിരുന്ന വിനീത് ഓടി രക്ഷപ്പെട്ടു. പുന്നപ്ര ഹരിജൻ കോളനിയിൽ ശ്യാമിനെയാണ് പൊലീസ് പിടികൂടിയത്. ചിങ്ങവനത്തു നിന്ന് ബൈക്ക് മോഷ്‌ടിച്ച് വിനീതും സംഘവും ആലപ്പുഴയിലേക്ക് വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ഇന്നലെ വൈകിട്ട് ജനറൽ ആശുപത്രി ജംഷനിൽ വച്ചാണ് വാഹന പരിശോധനക്കിടെ ശ്യാം പിടിയിലായത്. പൊലീസ് കൈകാണിച്ചയുടൻ വിനിത് വാഹനത്തിൽ നിന്നിറങ്ങിയോടി. പിന്നിലിരുന്ന ശ്യാം ഓടും മുമ്പേ സൗത്ത് പൊലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു. വിനീതിന്റെ മോഷണസംഘത്തിലെ കൂട്ടാളിയായ ശ്യാമിനെതിരെയും നിരവധി കേസുകൾ നിലവിലുണ്ട്. അപകടകാരിയായ കുപ്രസിദ്ധ കുറ്റവാളിയായ എടത്വ ചങ്ങൻകരി ലക്ഷംവീട് കോളനിയിൽ വൈപ്പിൻചേരി വീട്ടിൽ വിനീത് (വടിവാൾ വിനീത് 25)നെതിരെ സംസ്‌ഥാനത്ത് നൂറോളം കേസുകൾ നിലവിലുണ്ട്. നിരവധി തവണ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. രക്ഷപ്പെട്ട വിനീതിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |