തിരുവല്ല : ജില്ലയിൽ ഇന്നലെ വ്യാപകമായി നടത്തിയ ലഹരിവിരുദ്ധ വേട്ടയിൽ എം.ഡി.എം.എയും ഇ സിഗററ്റും ഉൾപ്പെടെയുള്ളവ പിടികൂടി. മുങ്ങിനടന്ന കുറ്റവാളികൾ ഉൾപ്പെടെ നിരവധിപ്പേർ പിടിയിലായി. തിരുവല്ല റെയിൽവേ സ്റ്റേഷനു സമീപം വാഹന പരിശോധനക്കിടെ നിരണം മുഞ്ഞനാട്ടുവടക്കേതിൽ ആൽബിൻ (23), നിരണം കടവിൽ വീട്ടിൽ അജിൽ (22) എന്നിവർ സഞ്ചരിച്ച കാറിൽനിന്നും ഒരു ഇ സിഗരറ്റ് കണ്ടെടുത്തു. രാത്രി 11ന് തിരുവല്ല പൊലീസ് ഇൻസ്‌പെക്ടർ ബി.കെ.സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്.
വിൽക്കാൻ സൂക്ഷിക്കുകയോ കൊണ്ടുപോവുകയോ മറ്റും ചെയ്യുന്നത് നിയമവിരുദ്ധമായിരിക്കെ, ഇവർ സഞ്ചരിച്ച കാറിന്റെ മുന്നിലായി ഇ.എൽ.എഫ് ബാർ ടി.ഇ 6000 പി.ഇ.എ.സി.എച്ച് എന്ന ഇനത്തിൽപ്പെട്ട ഇലക്ട്രോണിക് സിഗരറ്റ് സൂക്ഷിച്ചിരുന്നത് പൊലീസ് കണ്ടെത്തുകയായിരുന്നു. ഒരുലക്ഷം രൂപവരെ പിഴ ശിക്ഷിക്കാവുന്ന കുറ്റമാണ്. റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും ഞക്കുവള്ളി ഭാഗത്തേക്ക് ഓടിച്ചുവന്ന കാറിൽ നിന്നാണിത് പിടിച്ചെടുത്തത്.
രഹസ്യാന്വേഷണ സംഘത്തിന്റെയും ഡാൻസാഫ് ടീമിന്റെയും നിരീക്ഷണത്തിലായിരുന്ന കുറ്റപ്പുഴ ചുമത്ര കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷമീറിന്റെ (39) പക്കൽനിന്ന് 3.78ഗ്രാം എം.ഡി.എം.എ പിടികൂടിയത് തിരുവല്ലയെ ഞെട്ടിച്ചു. ഡിവൈ.എസ്.പി എസ് അഷാദിന്റെ മേൽനോട്ടത്തിൽ എസ്.ഐമാരായ അനൂപ് ചന്ദ്രൻ, ആദർശ്, ഡാൻസാഫ് ടീം എന്നിവരുടെ സംയുക്തനീക്കത്തിൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇയാൾ ധരിച്ചിരുന്ന ട്രൗസറിൽ സിപ് കവറുകളിൽ സൂക്ഷിച്ചനിലയിലായിരുന്നു. സ്ഥിരമായി മദ്യവും ലഹരിവസ്തുക്കളും ഉപയോഗിക്കുന്നത് ചോദ്യംചെയ്ത ഭാര്യയെ ഇയാൾ ദേഹോപദ്രവം ഏൽപ്പിച്ചതിനു നേരത്തെ പൊലീസ് കേസ് എടുത്തിരുന്നു.
കഞ്ചാവ് കേസിൽ 12 അറസ്റ്റ്
ജില്ലയിലാകെ നടന്നു നിരവധി റെയ്ഡുകളിൽ കഞ്ചാവ് ഉപയോഗിച്ചതിനു 12കേസെടുത്തു, 12പേരെ അറസ്റ്റിലായി. ചെറിയ അളവിൽ കഞ്ചാവ് കൈവശം വച്ചതിന് വിവിധ സ്റ്റേഷനുകളിലായി 7 കേസുകൾ രജിസ്റ്റർ ചെയ്തു. പൊതുസ്ഥലത്ത് മദ്യപിച്ചതിന് 17കേസുകൾ രജിസ്റ്റർ ചെയ്തു, 19പേർ പിടിയിലായി. നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കെതിരായ പരിശോധനയിൽ 15 കേസുകൾ എടുക്കുകയും 15 പ്രതികളെ പിടികൂടുകയും ചെയ്തു. ശക്തമായ നടപടിയിൽ ജില്ലയിലാകെ 1500ലധികം വാഹനങ്ങളാണ് പൊലീസ് പരിശോധിച്ചത്, 111പേർക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസെടുത്തു.
വാറന്റ് പ്രതികളും അറസ്റ്റിൽ
ഏറെക്കാലമായി നിയമനടപടികൾക്ക് വിധേയരാവാതെ മുങ്ങിനടന്ന എൽ.പി വാറന്റുള്ള 3 പ്രതികളെയും ജാമ്യമില്ലാ കേസുകളിൽ വാറന്റ് നിലവിലുള്ള 63പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഒരുപ്രതിയും പിടിയിലായി. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും പരിശോധനക്ക് വിധേയരായി. കാപ്പ നിയമലംഘനങ്ങൾ ഉണ്ടോയെന്നും പൊലീസ് പരിശോധിച്ചു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ 121 റൗഡികളുടെ വിവരങ്ങൾ പരിശോധിച്ചു. അറിയപ്പെടുന്ന കുറ്റവാളികളായവരിൽ 61പേരുടെ നിലവിലെ സ്ഥിതി വിലയിരുത്തി. ലോഡ്ജുകൾ, പൊതുസ്ഥലങ്ങൾ, റെയിൽവേ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |