തിരുവനന്തപുരം: സവാരിക്കെന്ന വ്യാജേന യൂബർ ടാക്സി വിളിച്ച് ഡ്രൈവറെ തട്ടികൊണ്ടുപോയി മർദ്ദിച്ച് കവർച്ച നടത്തിയ ആറു പേരെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളൂർ പണയിൽ വീട്ടിൽ വിഷ്ണു (31), ഇടവാക്കോട് സജി ഭവനിൽ ജിത്ത് (28),ചേഞ്ചേരി ലക്ഷം വീട്ടിൽ ജിഷ്ണു (24), കല്ലിയൂർ കുളക്കോട്ടുകോണം കുന്നുംപുറത്ത് വീട്ടിൽ യദു (18), നാലാഞ്ചിറ അക്ഷയ ഗാർഡനിൽ ജിധിൻ (31,കാപ്പിരി ജിധിൻ), ശ്രീകാര്യം ചെറുവയ്ക്കൽ ചാമവിള വീട്ടിൽ സൂരജ് (18)എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലുള്ള അതുൽ,ജിനു,രാഹുൽ,ആവേൽടോമി എന്നിവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 11.15നാണ് സംഭവം. പാറോട്ടുകോണം ശ്രീകാര്യം റൂട്ടിൽ ഇടവാക്കോടുനിന്ന് യുബർ ടാക്സി ഡ്രൈവറായ കരകുളം സ്വദേശി അരുൺരാജിനെ (40) രണ്ടുപേർചേർന്ന് ഓട്ടം വിളിച്ചു. കുറച്ചു ദൂരം സഞ്ചരിക്കവേ വഴിയിൽ നിന്ന് മറ്റ് പ്രതികൾ വാഹനത്തിൽ കയറുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് അരുൺ രാജിനെ ക്രൂരമായി മർദ്ദിച്ചു. കൈയിലുണ്ടായിരുന്ന ആറായിരം രൂപയുംഫോണും മറ്റ് വസ്തു വകകളും കവർച്ച ചെയ്ത് കടക്കുകയായിരുന്നു. മർദ്ദനമേറ്റ് അരുൺ രാജ് ഉച്ചത്തിൽ നിലവിളച്ചതോടെ സംഘം രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അരുൺ രാജ് ആശുപത്രിയിൽ ചികിത്സതേടി. അരുൺ രാജിന്റെ മുഖത്തും ശരീരത്തിലുടനീളവും ആഴത്തിൽ മുറിവേറ്റു. പ്രതികളെകോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |