ആലുവ: നഗരമദ്ധ്യത്തിൽ ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലും വൈദിക മഠത്തിലും കവർച്ച. സ്കൂൾ വളപ്പിൽ ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച വൈദിക മഠം കുത്തിത്തുറന്ന് ഗുരുദേവ പ്രതിഷ്ഠയ്‌ക്ക് മുമ്പിലെ നിലവിളക്കിന്റെ മുകൾഭാഗം ഊരിയെടുത്ത മോഷ്ടാവ് ഭണ്ഡാരത്തിൽ നിന്ന് പണവും കവർന്നു.
സ്കൂൾ പ്രിൻസിപ്പലിന്റെ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് സി.സി ടി.വി ക്യാമറയുടെ ഡി.വി.ആറും ഇന്റർനെറ്റ് കണക്ഷനുമായി ബന്ധപ്പെട്ട മോഡവും മോഷ്ടിച്ചു. തൊട്ടടുത്ത മുറിയിലാണ് ഹെഡ്മിസ്ട്രസിന്റെ ഓഫീസ്. ഇവിടത്തെയും പൂട്ട് പൊളിച്ച് അകത്ത് കടന്നെങ്കിലും ഒന്നും നഷ്ടമായില്ല. പിന്നീട് സ്കൂൾ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഒന്നാം നമ്പർ സ്കൂൾ ബസിന്റെ ജി.പി.എസും മോഷ്ടാവ് അഴിച്ചെടുത്തു. മറ്റൊരു ഓഫീസ് റൂം കൂടി കുത്തിതുറന്നെങ്കിലും ഒന്നും നഷ്ടമായില്ല.
ഇന്നലെ രാവിലെ സ്കൂൾ ജീവനക്കാരെത്തിയപ്പോഴാണ് മോഷണം അറിയുന്നത്. തുടർന്ന് ആലുവ പൊലീസ് ഇൻസ്പെക്ടർ വി.എം. കെഴ്സൺ ഉൾപ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. സി.സി ടി.വി ക്യാമറയിൽ ചിത്രം പതിയുന്നതിനാലാണ് പിടിയിലാകാതിരിക്കാൻ ഡി.വി.ആറും മോഷ്ടിക്കുന്നത്.
ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലും വൈദിക മഠത്തിലും മോഷണം നടത്തിയ പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |