തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ ഇന്നലെ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തും. കസ്റ്റഡിയിൽ ലഭിച്ചതിനെ തുടർന്ന് പ്രതിയെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. നിരപരാധിയാണെന്ന് പറഞ്ഞ് കരയുകയും തന്റെ അഭിപ്രായങ്ങൾ മാറ്റി പറയാൻ ശ്രമിച്ചെങ്കിലും ദൃക്‌സാക്ഷിയായ ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചനയുടെ മൊഴി ചൂണ്ടിക്കാട്ടി പൊലീസ് പ്രതിരോധിച്ചു. ഒടുവിൽ സംഭവ ദിവസമുണ്ടായ കാര്യങ്ങൾ വിശദീകരിച്ച് കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്നാണ് തെളിവെടുപ്പ് നടത്താൻ തീരുമാനിച്ചത്.
കോട്ടയത്തെത്തിക്കുന്ന പ്രതിയെ അവിടെ മുതൽ കൊച്ചുവേളി വരെ യാത്രയിലുണ്ടായ സംഭവങ്ങൾ പുനഃരാവിഷ്‌ക്കരിച്ചാണ് തെളിവെടുപ്പ് നടത്തുക. സുഹൃത്തുമൊത്ത് മദ്യപിച്ചതടക്കം പുനഃരാവിഷ്ക്കരിച്ച ശേഷം ട്രെയിനിൽ തെളിവെടുപ്പ് നടത്തും.
ഇതിനായി ട്രെയിനിൽ സൗകര്യം നൽകണമെന്ന് റെയിവേയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതി ലഭ്യമാകുന്ന ട്രെയിനിലായിരിക്കും സംഭവം പുനഃരാവിഷ്ക്കരിക്കുക.
കഴിഞ്ഞ ദിവസം പൂജപ്പുര സെൻട്രൽ ജയിലിൽ തിരിച്ചറിയൽ പരേഡ് നടത്തി ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന അർച്ചന പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നിയോഗിച്ച സമിതിയും അർച്ചനയുമാണ് പരേഡിൽ പങ്കെടുത്തത്.ആക്രമണത്തിൽ പരിക്കേറ്റ ശ്രീക്കുട്ടി ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തലച്ചോറിന്റെ പരിക്കിന് മാറ്റമുണ്ടായിട്ടില്ല. ഈ മാസം 2ന് കേരള എക്സ്പ്രസിൽ സഞ്ചരിക്കുന്നതിനിടെ പുകവലിക്കുന്നത് ചോദ്യം ചെയ്തതിനാണ് ജനറൽ കമ്പാർട്ട്‌മെന്റിന്റെ വാതിലിന് സമീപത്തുനിന്ന ശ്രീക്കുട്ടിയെ പ്രതി പുറത്തേക്ക് ചവിട്ടി വീഴ്ത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അർച്ചനയെയും ഇയാൾ തള്ളിയിടാൻ ശ്രമിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |