തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥിനികളെ കമന്റ് അടിച്ച് ശല്യം ചെയ്തത് പരാതിപ്പെട്ടതിന് വീടുകയറി 11 കാരിയുടെ തല തല്ലിത്തകർത്ത പ്രതിക്ക് 13 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. വർക്കല ചെമ്മരുതി മുത്താന അമ്പലത്തുംവിള ലക്ഷം വീട് കോളനി സ്വദേശി 43 കാരനായ ഗിരീഷിനാണ് ശിക്ഷ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് കേസ് പരിഗണിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം.2011 ജൂൺ മൂന്നിനായിരുന്നു സംഭവം.
പെൺകുട്ടിയും സഹോദരിയും സ്‌കൂളിൽ പോകുമ്പോഴും വരുമ്പോഴും പ്രതി നിരന്തരം അശ്ലീല ചുവയുള്ള കമന്റ് പറഞ്ഞ് ശല്യം ചെയ്തിരുന്നു. ഇതിനെതിരെ കുട്ടികളുടെ മാതാവ് പൊലീസിൽ പരാതി നൽകി. വർക്കല പൊലീസ് പ്രതിയെ വിളിച്ചുവരുത്തി താക്കീത് ചെയ്തതിനാണ് പ്രതി മാതാവിനെയും കുട്ടികളെയും വീടുകയറി മർദ്ദിച്ചതും പെൺകുട്ടിയുടെ തല തകർത്തതും. ഗുരുതരമായ പരിക്കേറ്റ പെൺകുട്ടിക്ക് അടിയന്തര ചികിത്സ നൽകിയതിനാൽ ജീവൻ തിരിച്ചുകിട്ടി.
മകളുടെ പ്രായമുള്ള കുട്ടിയെ വീട്ടിൽ അതിക്രമിച്ചുകടന്ന് തല തകർത്ത പ്രതി നിയമത്തിന്റെ ഒരു ദയയും അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം. ജെ.കെ. അജിത് പ്രസാദ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |