
പുനലൂർ: തമിഴ്‌നാട്ടിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ച് കേരളത്തിലേക്ക് കടത്തുന്നതിനിടെ നാലംഗ സംഘത്തിലെ ഒരു യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ തെന്മല പൊലീസ് പിടികൂടി. അമ്പലപ്പുഴ സ്വദേശിയായ പതിനഞ്ചുകാരനാണ് പിടിയിലായത്. ഈ സംഘത്തിലെ മറ്റ് മൂന്നുപേർക്കായി തെരച്ചിൽ ഊർജിതമാക്കി.തെങ്കാശിയിലെ എസ്.വി തിയേറ്ററിന് മുന്നിൽ നിന്നാണ് സംഘം രണ്ട് ബൈക്കുകൾ മോഷ്ടിച്ചത്. ഇതുമായി കേരളത്തിലേക്ക് വരുമ്പോൾ ഇലഞ്ചിയിൽ വെച്ച് ഒരു ബൈക്കിലെ പെട്രോൾ തീർന്നതോടെ അത് അവിടെ ഉപേക്ഷിക്കുകയും പകരം അവിടെ നിന്ന് മറ്റ് രണ്ട് ബൈക്കുകൾ മോഷ്ടിക്കുകയും ചെയ്തു. പുലർച്ചെ കഴുതുരുട്ടി എൽ.പി.എസിന് സമീപം എത്തിയപ്പോൾ വീണ്ടും ഒരു ബൈക്കിലെ പെട്രോൾ തീർന്നു. തുടർന്ന് റോഡരുകിലെ വീട്ടിൽ ഇരുന്ന മറ്റൊരു ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ സംഘത്തെ കണ്ടു. നാട്ടുകാരെ കണ്ടതോടെ സംഘത്തിലെ രണ്ടുപേർ ഒരു ബൈക്കിൽ കയറി രക്ഷപ്പെട്ടു. മറ്റ് രണ്ടുപേർ ബൈക്കുകൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തെന്മല പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ മരപ്പൊത്തിൽ ഒളിച്ചിരുന്ന പതിനഞ്ചുകാരനെ പിടികൂടി. മറ്റൊരു പ്രതി എസ്റ്റേറ്റ് ഭാഗത്തേക്ക് ഓടിമറഞ്ഞു. കുറ്റാലം പൊലീസ് സ്ഥലത്തെത്തി പിടിയിലായ യുവാവിനെയും രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്ത് തെങ്കാശിയിലേക്ക് കൊണ്ടുപോയി.
പിടിയിലായ പതിനഞ്ചുകാരൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ മൂന്ന് മോഷണക്കേസുകളിലും ചങ്ങനാശ്ശേരി പുളിക്കുന്നു സ്റ്റേഷനിൽ ഒരു പോക്സോ കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. തെന്മല എസ്.ഐ അമീൻ, സി.പി.ഒമാരായ അജിത്, അരുൺ, രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |