
ജുവലറിക്കവർച്ചയിൽ സഹോദരങ്ങൾ അറസ്റ്റിൽ
കൊച്ചി: ജീവനക്കാരിയുടെ മുഖത്ത് കുരുമുളക് സ്‌പ്രേയടിച്ച്, ജുവലറിയിൽ നിന്ന് സഹോദരങ്ങൾ കവർന്നത് പ്രദർശനത്തിന് വച്ചിരുന്ന തങ്കത്തിൽ പൊതിഞ്ഞ ആഭരണം! രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയുണ്ടായ അപകടത്തിൽ മൂത്ത സഹോദരൻ ആദ്യം പിടിയിലായി. പിറ്റേന്ന് സ്റ്റേഷനിലെത്തിയ അനിയനും കുടുങ്ങി. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ നടത്തിയ കവർച്ചാശ്രമമാണ് പ്രതികൾക്ക് തിരിച്ചടിയായത്. ഇടപ്പള്ളി ടോളിന് സമീപത്തെ ജുവലറിയിൽ കഴിഞ്ഞ 19നായിരുന്നു സംഭവം. മലപ്പുറം നിലമ്പൂർ സ്വദേശികളായ തോമസ് (ജോമോൻ-30), സഹോദരൻ മാത്യൂ (27) എന്നിവരെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂരിൽ മാല പൊട്ടിക്കൽ കേസിൽ പ്രതികളായതോടെ ഇവർ എറണാകുളത്തേക്ക് തട്ടകം മാറ്റി. ഇടപ്പള്ളി മാമംഗലത്തെ ഫ്ളാറ്റിൽ താമസിച്ചാണ് കവർച്ച ആസൂത്രണം ചെയ്തത്. 8000 രൂപ മാത്രം വിലമതിക്കുന്ന രണ്ട് മാലകളാണ് ഇവർ കവർന്നത്. ആവശ്യാനുസരണം ആഭരണം നിർമ്മിച്ച് നൽകുന്ന ജുവലറിയാണിത്. പൊതുവേ ഇത്തരം ജ്വല്ലറികളിൽ തങ്കത്തിൽപൊതിഞ്ഞ ആഭരണങ്ങളാകും പ്രദർശനത്തിന് വയ്ക്കുക. കളമശേരി ഇൻസ്‌പെക്ടർ ടി. ദിലീപ്, എസ്.ഐമാരായ ടി.എസ്. സനീഷ്, സച്ചിൻ ലാൽ, എസ്.സി.പി.ഒ അജ്മൽ, വിനു, സി.പി.ഒ മാഹിൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
സ്‌കൂട്ടറിന് പിന്നാലെ ഗോൾഡ്
ജുവലറി കവർച്ചയ്ക്കായി പുത്തൻകുരിശിൽ നിന്ന് സ്‌കൂട്ടർ മോഷ്ടിച്ചായിരുന്നു തുടക്കം. 17ന് ഉച്ചയോടെയായിരുന്നു മോഷണം. 19ന് ഉച്ചയോടെ സ്‌കൂട്ടറിൽ ഇടപ്പള്ളിയിലെത്തി. ആളുകളില്ലാത്ത സമയം നോക്കി മുഖം മറച്ച് ഹെൽമറ്റ് ധരിച്ച് മാത്യു ജുവലറിയിൽ കയറുകയായിരുന്നു. ലക്ഷങ്ങൾ വിലമതിക്കുമെന്ന് കരുതിയ മാലകളുമായി സ്‌കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇടപ്പള്ളിയിലെ ഗതാഗതക്കുരുക്കും അപകടവും പ്ലാൻ പാളിച്ചു.
അറസ്റ്റ് നാടകീയം
പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ തോമസ് ടോൾ ഭാഗത്തേക്കും മാത്യു എതിർവശത്തേക്കും ഓടി. നാട്ടുകാർ തോമസിനെ പിടികൂടി പൊലീസിന് കൈമാറി. കൂടെയുണ്ടായിരുന്നത് സഹോദരനാണെന്ന് ഇയാൾ മറച്ചുവച്ചു. ഒപ്പമുണ്ടായിരുന്ന പ്രതി ആരെന്ന് കണ്ടെത്താൻ പൊലീസ് വലഞ്ഞു. പിറ്റേന്ന് തോമസിനെ ജാമ്യത്തിലിറക്കാൻ മാത്യു സ്റ്റേഷനിലെത്തി. സംശയം തോന്നിയ പൊലീസ് ഇയാളെ സ്റ്റേഷനിലിരുത്തി സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കവർച്ചയ്ക്ക് ശേഷം ഓടിപ്പോയത് സ്റ്റേഷനിലുള്ള മാത്യുവെന്ന് ഉറപ്പിച്ചു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. പിടിയിലായ തോമസിന്റെ സഹോദരനാണ് താനെന്ന വെളിപ്പെടുത്തൽ പൊലീസിനെ ഞെട്ടിച്ചു. മോഷ്ടിച്ചത് തങ്കത്തിൽ പൊതിഞ്ഞ ആഭരണമാണെന്ന് പൊലീസ് അറിയിച്ചപ്പോൾ പ്രതികളും ഞെട്ടി!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |