
തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടിയെന്ന് പരാതി. കഴക്കൂട്ടത്തെ സിഎസ്‌ഐ മിഷൻ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തിയത്. മേനംകുളം സ്വദേശി ഷീബാ പ്രമോദാണ് മുഖ്യമന്ത്രി പിണാറായി വിജയനും കഴക്കൂട്ടം പൊലിസിനും പരാതി നൽകിയത്.
ഡിസംബർ രണ്ടിനാണ് യുവതി കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയത്. പിറ്റേന്ന് സ്‌കാൻ ചെയ്തപ്പോഴാണ് അടിയന്തരമായി അപ്പെൻഡിസൈറ്റിസിനുള്ള ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞത്. ഡിസംബർ മൂന്നിനുതന്നെ ശസ്ത്രക്രിയ നടത്തി. പത്തുദിവസം ആശുപത്രിയിൽ തുടർന്നതിനുശേഷമാണ് ഡിസ്ചാർജ് ചെയ്തത്. പക്ഷെ മുറിവ് പൂർണമായും ഉണങ്ങിയിരുന്നില്ല. ഒരുഭാഗം പഴുത്തിരുന്നു. എന്നാൽ കഴക്കൂട്ടത്തെ ആശുപത്രിയിൽ ഷീബയെ ചികിത്സിച്ച ഡോക്ടർ അവധിയായിരുന്നതിനാൽ മുറിവ് ഡ്രെസ് ചെയ്യുന്നതിനായി ഗോവിന്ദൻസെന്ന സ്വകാര്യ ആശുപത്രിയിൽ എത്തുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് മുറിവിൽ നിന്ന് നൂല് കണ്ടെത്തിയത്.
തുടർന്നാണ് ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിൽ തന്നെ പോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചത്. പിന്നീടാണ് ശസ്ത്രക്രിയ നടത്തി തുണികഷ്ണം പുറത്തെടുത്തത്. എന്നാൽ എവിടെ നിന്നാണ് തുണികഷ്ണം മുറിവിനുള്ളിൽ പോയതെന്ന് വ്യക്തമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |