
മാള : 2018 സെപ്‌റ്റംബർ 23ന് മാള പൊലീസ് സ്റ്റേഷൻ പരിധിയിലെ കുമ്പിടിയിൽ ബന്ധുവിനെ അടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അന്നമനട കുമ്പിടി നാലുകണ്ടൻ വീട്ടിൽ പോളിനെയാണ് (68) ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.പി.സെയ്തലവി ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം.
മകന്റെ വിവാഹക്ഷണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വൈകിട്ട് റോഡിൽ അടയ്ക്കാമര വാരി കൊണ്ടുള്ള അടിയേറ്റാണ് ബന്ധുവായ ജോസ് (67) കൊല്ലപ്പെട്ടത്. ജാമ്യത്തിലിറങ്ങിയ ശേഷം 2020 സെപ്റ്റംബർ 22ന് അനുജനായ ആന്റുവിനെ (26) കമ്പിവടി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ മറ്റൊരു കേസിലും പോൾ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
നിലവിൽ തൃശൂർ സെൻട്രൽ ജയിലിലാണ് ഇയാൾ. 22 സാക്ഷികളുള്ള കേസിൽ 13 സാക്ഷികളെ വിസ്തരിച്ചു. പ്രധാന ദൃക്‌സാക്ഷിയെ വീഡിയോ കോൺഫറൻസിലൂടെ ചോദ്യം ചെയ്തു. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി.സുനിൽ കുമാറിന്റെ വാദങ്ങൾ പരിഗണിച്ചാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത്. മാള പൊലീസ് ഇൻസ്‌പെക്ടർ കെ.കെ.ഭൂപേഷ്, എസ്.ഐ നീൽ ഹെക്ടർ ഫെർണാണ്ടസ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |