
കുന്നംകുളം: നഗരമദ്ധ്യത്തിൽ അതിസുരക്ഷാ മേഖലയായ കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പുലർച്ചെ മോഷണശ്രമം. കോടതി ഓഫീസിൽ നിന്നും പ്രധാനപ്പെട്ട രേഖകളോ മറ്റ് സാമഗ്രികളോ നഷ്ടപ്പെട്ടിട്ടില്ല. സംഭവത്തിൽ ഹിന്ദി സംസാരിക്കുന്ന ആൾക്കായി പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. കോടതിയുടെ ഓഫീസ് റൂമിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. ഓഫീസ് മുറിയുടെ വാതിൽ തകർക്കുന്ന ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരൻ സ്ഥലത്തെത്തിയപ്പോൾ കൈവശമുണ്ടായിരുന്ന കമ്പിപ്പാര കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ നൈറ്റ് ഓഫീസർ ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പരിസരപ്രദേശങ്ങളിൽ വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നിലവിൽ കോടതി പരിസരത്തെ വീട്ടിൽ നിന്നും ഒരു ബൈക്കും ഇതേ സമയത്ത് മോഷണം പോയി. കോടതിയിലെത്തിയ മോഷ്ടാവ് തന്നെയാണോ ബൈക്ക് മോഷണത്തിന് പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുന്നംകുളം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |