
കൊച്ചി: മയക്കുമരുന്ന് ചെറിയ അളവിൽ ഉപയോഗിക്കുന്ന ഒരാൾ അക്രമാസക്തനാകില്ലെന്ന് എന്താണ് ഉറപ്പെന്ന് ഹൈക്കോടതി ഫുൾബെഞ്ചിന്റെ ചോദ്യം. ചെറിയ അളവിൽ കഴിച്ചാലും നിയമം ലംഘിക്കാം. ലഹരി ഉപയോഗിച്ച ഒരാൾ അടുത്തുവന്നിരുന്നാൽ ആരായാലും എഴുന്നേറ്റു പോകില്ലേ? ലഹരി ഒരാളെ നിശബ്ദനാക്കുക മാത്രമല്ല, അക്രമകാരിയുമാക്കുമെന്നിരിക്കെ കർശന നടപടികൾ ആവശ്യമല്ലേയെന്നും ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, പി. ഗോപിനാഥ്, എ. ബദറുദ്ദീൻ, എം.ബി. സ്‌നേഹലത, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഫുൾബെഞ്ച് വാക്കാൽ ചോദിച്ചു. അടുത്ത ചൊവ്വാഴ്ച വിഷയം വീണ്ടും പരിഗണിക്കും.
മയക്കുമരുന്നിനോട് ഒട്ടും വിട്ടുവീഴ്ച വേണ്ടെന്നാണ് രാജ്യത്തിന്റെ പൊതുനയം. വ്യക്തിക്കോ സമൂഹത്തിനോ ഭീഷണിയാകുന്നവരെയാണ് ഗുണ്ടകൾ എന്നു വിളിക്കുന്നത്. ലഹരി ഉപയോഗിച്ച ശേഷമുള്ള അക്രമവാസനകളെ ചെറുതായി കാണാനാവില്ല. മയക്കുമരുന്ന് ഉപയോഗിക്കുന്നതും കൈയിൽ കരുതുന്നതും എവിടെയെങ്കിലും സൂക്ഷിക്കുന്നതും കുറ്റകരമാണ്. മയക്കുമരുന്നിൽ പെറ്റിക്കേസ് എന്നൊന്നില്ലെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ നിയമവ്യാഖ്യാനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ വിശദവാദം കേൾക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വച്ചവരെ സ്ഥിരം കുറ്റവാളിയായോ ഗുണ്ടയായോ പരിഗണിച്ച് കാപ്പ നിയമപ്രകാരം തടവിലാക്കേണ്ടതുണ്ടോയെന്ന വിഷയമാണ് പരിഗണിച്ചത്. ഇക്കാര്യത്തിൽ മൂന്നംഗ ബെഞ്ച് മുമ്പ് പുറപ്പെടുവിച്ച ഉത്തരവിനോട് വിയോജിക്കുന്ന നിലപാടുകൾ ഉയർതോടെയാണ് വിഷയം ഫുൾബെഞ്ചിന് വിട്ടത്. കുറഞ്ഞ അളവിൽ മയക്കുമരുന്ന് സൂക്ഷിച്ചതിന്റെ പേരിൽ ഗുണ്ടയായോ സ്ഥിരം മയക്കുമരുന്ന് കൈകാര്യം ചെയ്യുന്ന കുറ്റവാളിയായോ കാണാനാകില്ലെന്ന് വിലയിരുത്തി മൂന്നംഗബെഞ്ച് നേരത്തെ കാപ്പ നിയമപ്രകാരമുള്ള തടവുശിക്ഷ റദ്ദാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |