തൃശൂർ: കണിമംഗലത്തുള്ള സ്പാ ഉടമയായ 57കാരിയെ വീട്ടിൽ കയറി കെട്ടിയിട്ട് സ്വർണാഭരണവും പണവും മൊബൈലും കവർന്ന യുവതികളടക്കമുള്ള സംഘത്തെ അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശികളായ സൂസന്ന എയ്ഞ്ചൽ (22), സ്റ്റീഫൻ രാജ് (27), സൂര്യ (26), ഫെഡറിക് (33), ധനലക്ഷ്മി (30), ഷേർളി (22), സുചിത (25) എന്നിവരെയാണ് മണിക്കൂറുകൾക്കുള്ളിൽ തൃശൂർ സിറ്റി പൊലീസ് പിടികൂടിയത്.
ഇന്നലെ പുലർച്ചെ പൊലീസിന് ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. കെട്ടിയിട്ട്, ഭീഷണിപ്പെടുത്തി സ്വർണാഭരണവും പണവും കൈവശപ്പെടുത്തിയെന്ന സ്പാ ജീവനക്കാരിയുടെ ഫോൺ സന്ദേശം ലഭിച്ച ഉടനെ നൈറ്റ് പട്രോളിംഗ് ഓഫീസറായ അസിസ്റ്റന്റ് കമ്മിഷണർ ശശിധരന്റെ നേതൃത്വത്തിൽ എല്ലാ പട്രോളിംഗും വാഹനപരിശോധന ശക്തമാക്കിയതിനെ തുടർന്ന് പട്ടിക്കാട് വച്ചാണ് സംഘത്തെ പിടികൂടിയത്. സ്പാ ഉടമസ്ഥയെ കയറുകൊണ്ട് കെട്ടിയും സഹജീവനക്കാരെ റൂമിൽ പൂട്ടിയിട്ടും ദേഹോപദ്രവം ചെയ്ത് ഭീഷണിപ്പെടുത്തി അഞ്ച് മൊബൈൽ ഫോണും ഒരു പവനോളം വരുന്ന ആഭരണങ്ങളും വീട്ടിലെ അലമാരയിൽ ഉണ്ടായിരുന്ന 42,000 രൂപയും അനിതയുടെ ഗൂഗിൾ പേയിൽ നിന്ന് 20,000 രൂപയും തട്ടിയെടുക്കുകയായിരുന്നു. കർണാടക രജിസ്‌ട്രേഷൻ വാഹനങ്ങളായ കറുത്തനിറത്തിലുള്ള കാറിലും ബുള്ളറ്റിലുമായി മൂന്ന് സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡേഴ്‌സും അടങ്ങുന്ന സംഘത്തെയാണ് പിടികൂടിയത്. ഇതിൽ പ്രതിയായ ആഞ്ജലീയ എന്ന യുവതി സ്പാ ഉടമസ്ഥ നടത്തിവന്നിരുന്ന സ്പായിലെ മുൻ ജീവനക്കാരിയായിരുന്നു. കണിമംഗലം സ്വദേശിയായ സ്പാ ജീവനക്കാരിയുടെ കൂടെ മൂന്ന് സ്ത്രീകളും സ്പാ ജീവനക്കാരായി താമസിച്ചുവന്നിരുന്നു. ഈ വീട്ടിലേക്കാണ് പെപ്പർ സ്‌പ്രേയും ആയുധവുമായി പ്രതികൾ അതിക്രമിച്ചുകയറിയത്. പിന്നീട് വനിതകളെ ഭീഷണിപ്പെടുത്തി പ്രതികൾ വാഹനത്തിൽ രക്ഷപ്പെട്ട് പോകുകയായിരുന്നു. പരിശോധനയിൽ നഷ്ടപ്പെട്ട ഫോണും കണ്ടെടുത്തു. പ്രതികളെ കുറിച്ചും മറ്റും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷർ നകുൽ ആർ.ദേശ്മുഖ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |