
പുൽപ്പള്ളി: മേഖലയിൽ മോഷണ പരമ്പരകളും ലഹരിവിൽപനയും പെരുകുമ്പോഴും പൊലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നതായി ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു. പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകൾ തുമ്പുണ്ടാകാതെ കെട്ടിക്കിടയാണ്. ഇതിനിടെ കഴിഞ്ഞ ആഴ്ച കൊഴുപ്പുമാലിൽ ബെന്നിയുടെ വീട്ടിൽ നടന്ന കുരുമുളക് മോഷണം കർഷകരെ ആകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കൂടാതെ കഴിഞ്ഞ ദിവസം സീതാമൗണ്ടിലെ നാലര ഏക്കർ സ്ഥലത്തെ വിളവെടുക്കാൻ പ്രായമായ ഇഞ്ചി കൃഷിക്ക് സാമൂഹ്യ വിരുദ്ധർ തീയിട്ടു. 45 ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. നാടുനീളെ കിണറുകളിലെ മോട്ടറുകൾ മോഷണം പോകുന്നു. പൊലീസ് നിഷ്‌ക്രിയമായതാണ് ഇതിന്നെല്ലാം കാരണം. കഴിഞ്ഞ ജനുവരിയിൽ പുൽപ്പള്ളി ക്ഷേത്ര ഉത്സവത്തിനിടെ നടന്ന വൻ സ്വർണ്ണക്കവർച്ചാ കേസിൽ പോലും ഇതുവരെ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. പുൽപ്പള്ളി ദേവസ്വത്തിന്റെ ഉപക്ഷേത്രമായ ചുണ്ടക്കൊല്ലി കരിങ്കാളി ക്ഷേത്രത്തിലെ നിലവിളക്കുകൾ മോഷണം പോയത് സംബന്ധിച്ച് പരാതി നൽകിയിട്ടും സംഭവസ്ഥലം സന്ദർശിക്കാനോ അന്വേഷണം നടത്താനോ പൊലീസ് തയ്യാറായില്ലെന്ന് ദേവസ്വം അധികൃതരും പറയുന്നു. ജില്ലാ കളക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെട്ട് പുൽപ്പള്ളിയിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്നും രാത്രികാല പട്രോളിംഗ് ഊർജിതമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൽപ്പറ്റയിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.എം. ജോർജ്ജ് , ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് ബത്തേരി, ഷൗക്കത്ത്, ആബിദ് മൂർച്ചാണ്ടി, രാമചന്ദ്രൻ കൽപ്പറ്റ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |