
കോഴിക്കോട്: പന്തീരാങ്കാവ് ടോളിന് സമീപം എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ കാറിന്റെ ബോണറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ മൂന്നര കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. 3.312 കിലോ എം.ഡി.എം.എയും 56 ഗ്രാം ലഹരിഗുളികകളുമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ പിടികൂടിയത്.
എക്സെെസ് ഇന്റലിജൻസിന് രഹസ്യവിവരം കിട്ടിയതിനെ തുർടന്നായിരുന്നു പരിശോധന. ബോണറ്റിനുള്ളിൽ പ്ളാസ്റ്റിക് കവറുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷെഫീക്ക് (35), സുഹൃത്ത് കോഴിക്കോട് താമരശ്ശേരി അടിവാരം സ്വദേശി ഫാത്തിമ നസ്രീൻ (20) എന്നിവരാണ് പിടിയിലായത്. രാജസ്ഥാനിൽ നിന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിൽപ്പനയ്ക്കായികൊണ്ടുവന്നതാണ് ലഹരിമരുന്ന്. ഷെഫീക്ക് മുമ്പും ലഹരി കേസുകളിൽ പെട്ടിട്ടുണ്ട്. യുവതി ആദ്യമായാണ് ലഹരിക്കടത്ത് സംഘത്തിലെത്തിയത്. പരിശോധനയിൽ നിന്ന് രക്ഷപ്പെടുമെന്ന് കരുതിയാണ് യുവതിയെ കൂടെക്കൂട്ടിയത്. ലഹരിക്കടത്താണെന്ന് അറിഞ്ഞുകൊണ്ടാണ് യുവതി ഷെഫീക്കിനൊപ്പം വന്നതെന്നും എക്സെെസ് പറഞ്ഞു.
ഷെഫീക്ക് രാജസ്ഥാനിലേക്ക് കാറോടിച്ച് പോയാണ് എം.ഡി.എം.എ കൊണ്ടുവന്നത്. ഷെഫീക്ക് യുവതിയെ മംഗലാപുരത്തെത്താൻ പറഞ്ഞ് അവിടെ നിന്നാണ് കാറിൽ കയറ്റിയത്. രാജസ്ഥാനിലെ ലഹരിമരുന്ന് കച്ചവടക്കാരിലേക്കും അന്വേഷണം നടത്തുന്നുണ്ട്. എക്സെെസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ എസ്. ശരത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |