കല്ലമ്പലം: മത്സ്യ ലേല മാർക്കറ്റിൽ ലോഡ് കയറ്റിയിറക്കിന് അമിത കൂലി വാങ്ങിയത് ചോദ്യം ചെയ്‌ത സി.ഐ.ടി.യു യൂണിയൻ നേതാവിനെ മുസ്ലീംലീഗ് യൂണിയൻ പ്രവർത്തകർ മർദ്ദിച്ചതായി പരാതി.
മത്സ്യ അനുബന്ധ തൊഴിലാളി യൂണിയൻ കടമ്പാട്ടുകോണം യൂണിറ്റ് സെക്രട്ടറി അൻസാരിക്കാണ് മർദ്ദനമേറ്റത്. നാവായിക്കുളം കടമ്പാട്ടുകോണം മത്സ്യലേല ചന്തയിലായിരുന്നു സംഭവം. ലേബർ ഓഫീസർ വിളിച്ച കൂലി ക്രമീകരണ യോഗത്തിൽ ഇറക്കുകൂലി 30ൽ നിന്നും 40 രൂപയായും കയറ്റുകൂലി 32ൽ നിന്നും 42 രൂപയായും വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഇവിടെ ഏറെനാളായി 50 രൂപയാണ് കൂലി.
ലേബർ ഓഫീസർ തീരുമാനിച്ച 40 രൂപയേ കൂലിയായി നൽകാനാകൂവെന്ന് അൻസാരിയുടെ നേതൃത്വത്തിലുള്ള കച്ചവടക്കാരായ സി.ഐ.ടി.യു അംഗങ്ങൾ നിലപാടെടുത്തു. ഇതിൽ ക്ഷുഭിതരായ മാർക്കറ്റിലെ ചുമട്ടുതൊഴിലാളികളാണ് ക്രൂരമായി മർദ്ദിച്ചതെന്ന് കല്ലമ്പലം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നിയമപരമായ കൂലി മാത്രമേ വാങ്ങാവൂയെന്നും യൂണിയൻ ഭാരവാഹികൾ പ്രസ്‌താവനയിൽ അറിയിച്ചു. പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരം ആസൂത്രണം ചെയ്യുമെന്നും യൂണിയൻ ജില്ലാ സെക്രട്ടറി വി.ലൈജു,ട്രഷറർ ഫാത്തഹുദ്ദിൻ ജില്ലാകമ്മിറ്റി അംഗം നൗഷാദ് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |