കോട്ടയം: പുന്നത്തുറ കവല സി.എസ്.ഐ മല റോഡിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ അച്ഛനും രണ്ട് മക്കൾക്കും പരിക്കേറ്റു. കുരുമുളക് സ്പ്രേ മുഖത്ത് അടിച്ചതിനുശേഷമായിരുന്നു ആക്രമണം. കാപ്പ ചുമത്തി നാട് കടത്തിയിരുന്നയാളുടെ നേതൃത്വത്തിൽ 12 അംഗ സംഘമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അള്ളുങ്കൽ ബിജു (46), മക്കളായ മനു (25), അനു (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം.
ബിജുവിന്റെ വീട്ടിലേക്ക് വരുകയായിരുന്ന ബന്ധുക്കളായ കാഞ്ഞിരപ്പള്ളി സ്വദേശികൾ സഞ്ചരിച്ച സ്കൂട്ടർ റോഡിലെ സെമിത്തേരി ഭാഗത്ത് തമ്പടിച്ചിരുന്ന സംഘം തടയുകയും ഇവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതാണ് സംഭവത്തിന് തുടക്കമിട്ടത്. തുടർന്ന് ബന്ധുക്കൾ ബിജുവിന്റെ വീട്ടിലെത്തി മടങ്ങുന്ന വഴി ഗുണ്ടാസംഘം വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു. ഇവരുടെ പിന്നാലെ വന്ന ബിജുവും മക്കളും ഇത് തടയാൻ ശ്രമിച്ചതോടെ ഇവരെ ആക്രമിക്കുകയായിരുന്നു. കുരുമുളക് സ്പ്രേ തളിച്ചശേഷം മനുവിന്റെ തലയ്ക്ക് കല്ലുകൊണ്ട് ഇടിക്കാൻ ശ്രമിച്ചത് തടയുന്നതിനിടയിൽ ബിജുവിന്റെ കൈയൊടിഞ്ഞു. തുടർന്ന് ആക്രമികൾ വടികളും മറ്റും ഉപയോഗിച്ച് മൂവരെയും മർദ്ദിച്ചവശരാക്കി.
ഇവരുടെയും കാഞ്ഞിരപ്പള്ളി സ്വദേശികളുടെയും സ്കൂട്ടറുകൾ കേടുവരുത്തി, താക്കോൽ ഊരിയെറിഞ്ഞു. വിവരമറിഞ്ഞെത്തിയ സമീപവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്. ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |