സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചു
ആറ്റിങ്ങൽ: ആറ്റിങ്ങൽ ദേശീയപാതയോരത്ത് നിന്ന് പട്ടാപ്പകൽ സ്കൂട്ടർ മോഷണം പോയി. റോഡരികിൽ വാഹനം പാർക്ക് ചെയ്ത് തൊട്ടടുത്ത കടയിലേക്ക് പോയ വാളക്കാട് സ്വദേശി ഷാജഹാന്റെ ആക്ടീവയാണ് മോഷണം പോയത്. ഇതിന്റെ സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. റോഡരികിൽ നിൽക്കുകയായിരുന്ന യുവാവ് പതിയെ നടന്നു വന്ന് പരിസരം വീക്ഷിച്ചശേഷം സ്കൂട്ടറുമായി കടന്നുകളയുകയായിരുന്നു. ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സിക്ക് സമീപം മുസ്ലിം പള്ളിക്ക് എതിർവശം ചൊവ്വാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. സ്കൂട്ടറിൽ ഉണ്ടായിരുന്ന ഹെൽമറ്റ് ധരിച്ച് സ്റ്റാർട്ട് ചെയ്ത് പോകുന്നതും ദൃശ്യത്തിലുണ്ട്. സ്കൂട്ടറിൽ ചാവി ഉണ്ടായിരുന്നതാണ് മോഷണം എളുപ്പമാക്കിയത്. സ്കൂട്ടറിൽ 50,000 രൂപയും ജെ.സി.ബിയുടെ പണി സാധനങ്ങളും ഉണ്ടായിരുന്നുവെന്ന് ഷാജഹാൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഷാജഹാന്റെ മകൻ അൽത്താഫിന്റെ പേരിലാണ് വാഹനം. ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |