പൂവാർ: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് കടൽ മാർഗമുള്ള മദ്യം, മയക്കുമരുന്ന് എന്നിവയുടെ കടത്ത് തടയുന്നതിനും തീരദേശ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി പൂവാർ കോസ്റ്റൽ പൊലീസിന്റെയും തിരുപുറം എക്സൈസ് റേഞ്ചിന്റെയും മറൈൻ പൊലീസിന്റെയും സംയുക്ത കടൽ പട്രോളിംഗ് ആരംഭിച്ചു. വിഴിഞ്ഞം മുതൽ തമിഴ്നാട് അതിർത്തിയായ തെക്കേ കൊല്ലങ്കോട് വരെയുള്ള ഭാഗങ്ങളിലാണ് കോസ്റ്റൽ ഐ.ജി.പിയുടെ നിർദ്ദേശപ്രകാരം പട്രോളിംഗ് ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി നിരവധി ബോട്ടുകൾ പരിശോധിച്ചു.
സുക്ഷാക്രമീകരണങ്ങൾ ഇല്ലാതെ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്ക് ബോധവത്കരണവും താക്കീതും നൽകി. പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്.ഐ പ്രേംലാൽ, അഡിഷണൽ എസ്.ഐ ശ്രീകുമാരൻ നായർ, എ.എസ്.ഐ ആന്റണി, സി.പി.ഒ രജിത്ത് കുമാർ, ഷിബു, ഷെറിൻ, എക്സൈസ് ഇൻസ്പെക്ടർ ഗോപകുമാർ, പ്രിവന്റീവ് ഓഫീസർമാരായ ജയചന്ദ്രൻ ,സാബു, സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ അലക്സ്, അനിൽ, മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായ ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |